സർക്കാർ ജീവനക്കാരുടെ താമസ സൗകര്യങ്ങൾ ഫ്ലാറ്റ് സമുച്ചയ രീതിയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് സർക്കാരെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കണ്ണൂർ എൻ ജി ഒ ക്വാട്ടേഴ്സ് കോമ്പൗണ്ടിൽ പുതുതായി നിർമ്മിച്ച ടൈപ്പ് II ക്വാട്ടേഴ്സ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിംഗിൾ ക്വാട്ടേഴ്സിൽ നിന്നും അപ്പാർട്ട്മെമെൻ്റ് രീതിയിലേക്ക് എൻജിഒ ക്വാട്ടേഴ്സുകൾ മാറി. ഇനി ഫ്ലാറ്റ് സമുച്ചയങ്ങളാണ് സൗകര്യപ്രദം.സർക്കാർ ജീവനക്കാരുടെ താമസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. തിരുവനന്തപുരത്ത് സ്ത്രീ ജീവനക്കാർക്കായി സ്റ്റുഡിയോ അപ്പാർട്ട്മെൻ്റ് തുടങ്ങാൻ തീരുമാനിച്ചു.മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വയറിംഗിൻ്റെ പേരിൽ പുതിയ കെട്ടിടങ്ങൾ കുത്തി പൊളിക്കുന്നത് ഒഴിവാക്കാൻ സിവിൽ, ഇലക്ട്രിക്കൽ ടെണ്ടറുകൾ ചേർത്ത് കോമ്പസിറ്റ് ടെണ്ടർ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസുകളിൽ ഓൺ ലൈൻ ബുക്കിംഗ് വഴി ഇത് വരെ ഒന്നര ലക്ഷം പേർ താമസിച്ചു.8.82 കോടിയാണ് ഇത് വഴിയുള്ള വരുമാനം.ടൂറിസം ശക്തിപെടാൻ ഈ നടപടി സഹായകമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ പിണറായി പഞ്ചായത്തിൽ ഒരു പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് പുതുതായി തുടങ്ങും.ഇതിന് അഞ്ച് കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മട്ടന്നൂർ റസ്റ്റ്ഹൗസിൻ്റെ നവീകരണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ അഡ്വ.ടി ഒ മോഹനൻ വിശിഷ്ടാതിഥിയായി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോർപ്പറേഷൻ കൗൺസിലർ എം പി രാജേഷ്, പൊതുമരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇ ജി വിശ്വ പ്രകാശ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ, എൻ ജി ഒ ക്വാട്ടേഴ്സ്വി ക്ഷേമസമിതി പ്രസിഡണ്ട് ജയദേവൻ വിവിധധ സംഘടനാപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സർക്കാർ ജീവനക്കാർക്ക് മെച്ചപ്പെട്ട താമസ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായാണ്. പുതിയ ക്വാട്ടേഴ്സ് കെട്ടിടം നിർമ്മിച്ചത്. 2021 ഡിസംബറിൽ തറക്കല്ലിട്ട കെട്ടിടത്തിൻ്റെ നിർമ്മാണം ഒരു കൊല്ലവും 8 മാസവും കൊണ്ടാണ് പൂർത്തീകരിച്ചത്. സമയബന്ധിതമായി പണി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും കരാറുകാരനേയും മന്ത്രി അഭിനന്ദിച്ചു. പി ഡബ്ല്യു ഡി കരാറുകാരനായ കെ മജീദ് മന്ത്രിയിൽ നിന്ന് ഉപഹാരവുമേറ്റ് വാങ്ങി.
മൂന്ന് കോടി രൂപ ചെലവിൽ രണ്ട് ബ്ലോക്കുകളിൽ മൂന്ന് നിലകളിലായി 12 കുടംബങ്ങൾക്ക് താമസിക്കാൻ പറ്റും വിധം 856. ചതുര അടി വീതമാണ് ഓരോ ക്വാട്ടേഴ്സും നിർമ്മിച്ചത്. ഹാൾ, ശുചി മുറിയോട് കൂടിയ രണ്ട് കിടപ്പ് മുറികൾ, ഒരു പഠനമുറി, അടുക്കള, വർക്ക് ഏരിയ, ബാൽക്കണി എന്നിവ ഓരോ ക്വാട്ടേഴ്‌സിലും ഒരുക്കിയിട്ടുണ്ട്.