കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിംഗ് സെന്റർ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നാടിന് സമർപ്പിച്ചു. ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് രണ്ടു ഘട്ടങ്ങളിലായി അനുവദിച്ച ഒരു കോടി അറുപത്തഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് കയാക്കിംഗ് സെന്റർ നിർമിച്ചത്. രണ്ട് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ ഡോർമെറ്ററി, ക്ലോക്ക് റൂം, ഗ്യാലറി, ശുചിമുറികൾ, മീറ്റിംഗ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്.

സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കയാക്കിങ് സെന്ററാണ് പുലിക്കയത്തേത്. തദ്ദേശീയർക്കു കൂടി ഉപകാരപ്പെടുന്ന രീതിയിൽ കയാക്കിങ് പരിശീലനത്തിനും മത്സരങ്ങൾക്കുമായി നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിംഗ് സെന്റർ മലയോരത്തെ അഡ്വഞ്ചർ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകും.
സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് കയാക്കിംഗ് സെന്റർ നിർമിച്ചത്. തദ്ദേശീയമായി കയാക്കിംഗ് പരിശീലനത്തിന് അവസരം ഒരുക്കുന്നത് വഴി പുതിയ താരങ്ങളെ സൃഷ്ടിച്ചെടുക്കാനും സെന്ററിലൂടെ സാധിക്കും.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിസന്റ് മേഴ്സി പുളിക്കാട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ടൂറിസം ഡയറക്ടർ പി.ബി നൂഹ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ എസ്, ഡി ടി പി സി സെക്രട്ടറി നിഖിൽ ടി ദാസ്, കേരള അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.