കാർഷിക സേവന കേന്ദ്രം സന്ദർശിച്ച് മന്ത്രി

മതിലകം ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക സേവന കേന്ദ്ര സന്ദർശനവും മതിലകം ഗ്രാമപഞ്ചായത്തിലെ തുളസീവനം പദ്ധതി വിളവെടുപ്പ് ഉദ്ഘാടനവും കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി.

നാല് ഏക്കറിലാണ് മതിലകം ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളുടെയും പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സമഗ്ര ഔഷധ സസ്യ കൃഷി വികസന പദ്ധതിയുടെ ഭാഗമായി തുളസീ വനം ഒരുക്കിയത്. മതിലകം ഗ്രാമപഞ്ചായത്തിലെ വാർഡ് 16ൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 4000 തൊഴിൽ ദിനങ്ങൾ പ്രദാനം ചെയ്താണ് നാല് ഏക്കറിൽ തുളസി കൃഷി ചെയ്തിരിക്കുന്നത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.