ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം ഓഗസ്റ്റ് 28 മുതൽ സെപ്തംബർ ഒന്നുവരെ തേക്കിൻകാട് മൈതാനിയിൽ നടക്കും. ഇത് സംബന്ധിച്ച ആലോചനായോഗം റവന്യു മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ ചേർന്നു.

സിഎംഎസ് സ്കൂളിന് എതിർവശം പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും. പ്രാദേശിക കലാകാരന്മാർക്കും കലാസംഘങ്ങൾക്കും മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കും. മുൻ വർഷങ്ങളെക്കാൾ മികച്ച രീതിയിൽ ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കും. വ്യാപാരി സംഘടനകളുമായി സഹകരിച്ച് നഗരവീഥികളും വ്യാപാര സ്ഥാപനങ്ങളും അലങ്കരിക്കും. സംസ്ഥാന തല വാരാഘോഷത്തിൽ ജില്ലയുടെ ഫ്ലോട്ട് പങ്കെടുക്കും. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലം തലത്തിലും ജില്ലയിലെ അഞ്ച് ടൂറിസം ഡെസ്റ്റിനേഷനുകളിലും ഓണാഘോഷം സംഘടിപ്പിക്കും. ഇതിൻ്റെ തുടർച്ചയായാകും ജില്ലാതല വാരാഘോഷം നടക്കുക.

സെപ്തംബർ ഒന്നിന് പുലിക്കളി അരങ്ങേറും. തൃശൂർ പൂരം പോലെതന്നെ ജില്ലയിലെ പ്രധാന ടൂറിസം ആകർഷണമാണ് പുലിക്കളിയെന്നും കൂടുതൽ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വ്യാപകമായ പ്രചാരണവും പരസ്യങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു. പുലിക്കളി കാണാനെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയും പുലിക്കളി സംഘങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ സംഘങ്ങൾക്ക് സർക്കാർ കൂടുതൽ പ്രോത്സാഹനം നൽകും. ഇതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ പുലിക്കളി സംഘങ്ങളുടെ യോഗം ചേരും. പുലിക്കളി സംഘങ്ങൾ സമയക്രമം പാലിച്ച് നഗരം ചുറ്റുന്നു എന്നുറപ്പാക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കോർപറേഷൻ അധികൃതരുടെയും പുലിക്കളി സംഘങ്ങളുടെയും യോഗം വിളിച്ചു ചേർക്കുന്നതിനും മന്ത്രി നിർദേശം നൽകി. വനിതകളുടെ പുലിക്കളി സംഘങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന നിർദേശവും യോഗത്തിലുണ്ടായി.

വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഓഗസ്റ്റ് 12 ന് ഉച്ചയ്ക്ക് 3:30ന് കലക്ടറേറ്റിൽ സംഘാടക സമിതി യോഗം ചേരും.

യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, റൂറൽ എസ്പി ഐശ്വര്യ ഡോങ്ഗ്രേ, ഡിടിപിസി സെക്രട്ടറി ജോബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.