കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആറ് വരി ദേശീയപാത-66 2025 ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുനർ നിർമ്മിച്ച കല്ലിക്കണ്ടി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . കണ്ണൂർ മുതൽ കോഴിക്കോട് വരെയും കാസർഗോഡ് മുതൽ തൃശ്ശൂർ വരെയും ദേശീയ പാതയുടെ പണി 2024 ഓടെ പൂർത്തീകരിക്കാൻ കഴിയും. ഇതൊരു മാറ്റമാണ്. എല്ലാവരെയും ഒരുമിച്ച് കൂട്ടിയോജിപ്പിച്ച് കൊണ്ട് വികസന പ്രവർത്തനങ്ങൾ നടത്തുന്നത് കൊണ്ടാണ് ദേശീയ പാത വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ അതിവേഗം നടപ്പിലാക്കുന്നതിന് നമുക്ക് സാധിക്കുന്നത്. കേരളത്തിൽ പാലങ്ങൾ നിർമ്മിക്കുമ്പോൾ അതിന്റെ അടിയിലെ സ്ഥലങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി വയോജന പാർക്ക്, കുട്ടികൾക്കുള്ള പാർക്ക്, ടർഫ് തുടങ്ങിയവ നിർമ്മിച്ച് പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുക എന്ന പദ്ധതിയും ആലോചനയിലാണ് 2023 അവസാനത്തോടെ ഇവ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

2.89 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. പാലത്തിന് രണ്ട് സ്പാനുകളിലായി ആകെ 22.9 മീറ്റർ നീളവും 11 മീറ്റർ വീതിയും 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാലത്തിന്റെ അടിത്തറയായി പൈൽ ഫൗണ്ടേഷനാണ് നൽകിയിരിക്കുന്നത്. പാലത്തിന്റെ അനുബന്ധ റോഡുകൾ കല്ലിക്കണ്ടി ഭാഗത്തേക്ക് 100 മീറ്റർ നീളത്തിലും പാറാട്ട് ഭാഗത്തേക്ക് 195 മീറ്റർ നീളത്തിലും നിർമ്മിച്ചിട്ടുണ്ട്. ആവശ്യമായ ഇടങ്ങളിൽ സംരക്ഷണഭിത്തിയും ഡ്രൈനേജും റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ കെ പി മോഹനൻ എം എൽ എ അധ്യക്ഷനായി.   പൊതുമരാമത്ത് പാലങ്ങൾ വിഭാഗം കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി തങ്കമണി (തൃപ്പങ്ങോട്ടൂർ ) കെ ലത (കുന്നോത്ത്പറമ്പ് ), കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഷൈറീന, തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നെല്ലൂർ ഇസ്മായിൽ, കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ അനിൽ കുമാർ , കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വി പി ശാന്ത, ബ്ലോക്ക് പഞ്ചായത്തംഗം പി കെ അലി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ഷമീന, വി മഹിജ, പഞ്ചായത്തംഗങ്ങളായ ടി പി യശോദ, പി വി അഷ്കർ അലി വ്യാപാരി വ്യവസായി സമിതി പ്രതിനിധി എം പി സുരേന്ദ്രൻ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ഉത്തര മേഖല കോഴിക്കോട് സൂപ്രണ്ടിങ്ങ് എഞ്ചിനീയർ പി കെ രമ, പഞ്ചായത്ത് സെക്രട്ടറി വി വി പ്രസാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.