എന്റെ വാര്‍ഡ് നൂറില്‍ നൂറ് കാമ്പയിനിന്റെ ഭാഗമായി 11 വാര്‍ഡുകളില്‍ നിന്നും 100 ശതമാനം വാതില്‍പ്പടി ശേഖരണവും യൂസര്‍ഫീ ശേഖരണവും നടത്തി മാതൃകയായി പുല്‍പ്പള്ളി ഹരിത കര്‍മ്മ സേനാംഗങ്ങള്‍. നവ കേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ മേഖലയില്‍ നടത്തി വരുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പുല്‍പ്പള്ളി പഞ്ചായത്ത് നേട്ടം കൈവരിച്ചത്. ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ ക്യാമ്പയിന്‍ നടപ്പിലാക്കിയ ജില്ലയിലെ ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് പുല്‍പ്പള്ളി. പഞ്ചായത്തില്‍ 33 ഹരിത കര്‍മ്മ സേന അംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്തിലെ ആകെയുള്ള 20 വാര്‍ഡുകളില്‍ എല്ലായിടത്തും ഹരിത കര്‍മ്മ സേന വാതില്‍പ്പടി സേവനം നല്‍കുന്നുണ്ടെങ്കിലും യൂസര്‍ ഫീ ലഭിക്കുന്നത് കുറവായിരുന്നു. ഒരു വാര്‍ഡിലെ മാനദണ്ഡ പ്രകാരമുള്ള മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും വാതില്‍പ്പടി ശേഖരണം നടത്തി അവിടെ നിന്ന് ഈടാക്കുന്ന യൂസര്‍ഫീയാണ് ഹരിത കര്‍മ്മ സേനയുടെ വരുമാന സ്രോതസ്. ഇത് കൃത്യമായി നടപ്പിലാക്കുന്നതിനായി ആസൂത്രണം ചെയ്ത ക്യാമ്പയിനാണ് എന്റെ വാര്‍ഡ് 100 ല്‍ 100.
33 അംഗ ഹരിത കര്‍മ്മ സേന 8 പേരടങ്ങുന്ന ക്ലസ്റ്ററുകളായാണ് ഫീല്‍ഡില്‍ ഇറങ്ങിയത്. ഇവരോട് വിമുഖത കാണിച്ചിരുന്നവരെ ക്യാമ്പയിനിന്റെ ഭാഗമാക്കുന്നതിനായി പഞ്ചായത്തും ഹരിത കര്‍മ്മ സേനയ്ക്കൊപ്പം ഇറങ്ങിയതോടെ അതൊരു ജനകീയ ഇടപെടലിനുള്ള സാധ്യതയാണ് നല്‍കിയത്. 11 വാര്‍ഡുകളിലെ മെമ്പര്‍മാരുടെ പൂര്‍ണ പിന്തുണ നേട്ടത്തിലേക്കുള്ള എളുപ്പ വഴിയായി. കൂടാതെ പഞ്ചായത്ത് ഭരണ സമിതി, മറ്റു ജനപ്രതിനിതികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ എന്നിവരുടെ സഹകരണവും ക്യാമ്പയിന് ലഭിച്ചു. ഹരിത കേരളം മിഷന്റെ മോണിറ്ററിങ്ങിലൂടെ കൃത്യമായ ഷെഡ്യൂള്‍ പ്രകാരം ഓരോ വാര്‍ഡുകളിലും പ്രത്യേക അവലോകനം നടത്തി. സെപ്റ്റംബര്‍ മാസത്തോടെ ബാക്കിയുള്ള 9 വാര്‍ഡുകളില്‍ കൂടി ക്യാമ്പയിന്‍ നടപ്പിലാക്കും.
അഭിമാനമായ നേട്ടം കൈവരിച്ച ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോളി നരിതൂക്കില്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു ക്യാമ്പയിന്‍ വിശദീകരിച്ചു. നവ കേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാറിന് അനുമോദന പത്രം കൈമാറി. വൈസ് പ്രസിഡന്റ് ശോഭന സുകു, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എം.ടി കരുണാകരന്‍, ശ്രീദേവി മുല്ലയ്ക്കല്‍, മണി പാമ്പനാല്‍, വാര്‍ഡ് മെമ്പര്‍മാരായ അനില്‍ കുമാര്‍, സി. കുമാര്‍, സിന്ധു ബാബു, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. തോമസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്യാമള രവി, ഹരിത കര്‍മ്മ സേന പ്രസിഡന്റ് ജയ കുട്ടപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.