അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നു. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്.
റാംജി റാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിന് സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.