സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ ആഗസ്റ്റ് 10 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായി. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ്. സമ്മതിദായകർക്ക് വോട്ടുചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ  ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ ഓഗസ്റ്റ് 11 ന് രാവിലെ 10 നു വിവിധ കേന്ദ്രങ്ങളിൽ നടത്തും.

ഒൻപത് ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്ത്, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 22 പേർ സ്ത്രീകളാണ്.

വോട്ടർപട്ടിക ജൂലൈ 13 ന് പ്രസിദ്ധീകരിച്ചു. 20554 പുരുഷന്മാരും 22725 സ്ത്രീകളും ഉൾപ്പെടെ  ആകെ 43279 വോട്ടർമാർ. www.lsgelection.kerala.gov.in സൈറ്റിൽ വോട്ടർപട്ടിക ലഭ്യമാണ്.

വോട്ടെടുപ്പിന് 60 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി. വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കി വരുന്നു. പോളിംഗ് സാധനങ്ങൾ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് സെക്ടറൽ ഓഫീസർമാർ അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ ഹാജരായി അവ കൈപ്പറ്റണം.മോക്ക്‌പോൾ വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് നടത്തും.

ക്രമസമാധാനപാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫി നടത്തും. വോട്ടെടുപ്പിനും, വോട്ടെണ്ണലിനും പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.

വോട്ടെണ്ണൽ ഫലം www.lsgelection.kerala.gov.in ലെ TREND ൽ ലഭ്യമാകും. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് തദ്ദേശസ്ഥാപന സെക്രട്ടറിയ്ക്കാണ് നൽകേണ്ടത്. അവ www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ :

കൊല്ലം        –       തെന്മല ഗ്രാമപഞ്ചായത്തിലെ 05-ഒറ്റക്കൽ,

                        ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ 02-പുഞ്ചിരിച്ചിറ.

ആലപ്പുഴ      –       തലവടി ഗ്രാമപഞ്ചായത്തിലെ 13-കോടമ്പനാടി.

കോട്ടയം      –       വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ 03-മറവൻ തുരുത്ത്.

എറണാകുളം –       ഏഴിക്കര ഗ്രാമപഞ്ചായത്തിലെ 03-വാടക്കുപുറം,

                വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 11-മുറവൻ തുരുത്ത്,

                മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ 04-കോക്കുന്ന്,

                പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 10-പഞ്ചായത്ത് വാർഡ്.

തൃശ്ശൂർ –       മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 15-താണിക്കുടം.

പാലക്കാട്    –       പൂക്കോട്ട്കാവ്  ഗ്രാമപഞ്ചായത്തിലെ 07-താനിക്കുന്ന്.

മലപ്പുറം       –       പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്തിലെ 02-ചെമ്മാണിയോട്,

                ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ 14-കളക്കുന്ന്,

                തുവ്വൂർ ഗ്രാമപഞ്ചായത്തിലെ 11-അക്കരപ്പുറം,

                പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ 16-കട്ടിലശ്ശേരി.

കോഴിക്കോട് –       വേളം ഗ്രാമപഞ്ചായത്തിലെ 17-പാലോടിക്കുന്ന്.

കണ്ണൂർ        –       മുണ്ടേരി ഗ്രാമപഞ്ചായത്തിലെ 10-താറ്റിയോട്,

                ധർമ്മടം ഗ്രാമപഞ്ചായത്തിലെ 11-പരീക്കടവ്.