കാട്ടു കിഴങ്ങുവര്‍ഗ്ഗങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന തിരുനെല്ലി ഇരുമ്പുപാലം ആദിവാസി ഊരിലെ നുറാങ്കിന് സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം. പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിള സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ആദിവാസി ഊരിനുള്ള പുരസ്‌ക്കാരമാണ് തിരുനെല്ലിയിലെ ഇരുമ്പുപാലം ആദിവാസി ഊരിന് ലഭിച്ചത്.
നാരക്കിഴങ്ങ്, നൂറ, കാട്ടുചേന, തൂണ്‍ കാച്ചില്‍ തുടങ്ങി ഭക്ഷ്യയോഗ്യവും പോഷകദായകവുമായ കിഴങ്ങുകളുടെ ശേഖരം നുറാങ്കിലുണ്ട്. 180 വ്യത്യസ്തങ്ങളായ കിഴങ്ങുവര്‍ഗങ്ങള്‍ നൂറാങ്കിലൂടെ സംരക്ഷിച്ചു വരുന്നത്. കാച്ചില്‍, കൂര്‍ക്ക, ചേമ്പ്, മഞ്ഞള്‍, കൂവ എന്നിവയുടെ വ്യത്യസ്ഥമായ ഇനങ്ങളും നുറാങ്കിലുണ്ട്. സുഗന്ധ കാച്ചില്‍, പായസ കാച്ചില്‍, കരിന്താള്‍, വെട്ടു ചേമ്പ്, വെള്ള കൂവ, നീല കൂവ, കാച്ചില്‍, ആറാട്ടുപുഴ കണ്ണന്‍ ചേമ്പ്, തൂണ്‍ കാച്ചില്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കിഴങ്ങു ശേഖരങ്ങള്‍ നുറാങ്കിന്റെ ശേഖരണത്തിലുണ്ട്. കാട്ടിക്കുളം ബാവലി റോഡരികിലായി ഇരുമ്പുപാലം കോളനിയിലാണ് നുറാങ്ക് എന്ന കിഴങ്ങ് സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.