മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പറളി ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പറളി ഗ്രാമപഞ്ചായത്ത് ബോധവത്ക്കരണം നല്‍കി. പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് ഹരിതകര്‍മ്മ സേനക്ക് നല്‍കേണ്ടതിന്റെ ആവശ്യകത, വ്യക്തി-പരിസര ശുചിത്വം ഉറപ്പാക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ജി.ഇ.ഒ അബ്ദുല്‍ ബഷീര്‍ ബോധവത്ക്കരണ ക്ലാസെടുത്തു.

കുട്ടികളില്‍ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി അവരില്‍ അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. യൂസര്‍ ഫീ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ക്ലാസില്‍ വ്യക്തമാക്കി. പരിപാടിയില്‍ ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ ബിന്ധ്യ, സഹസ്ര, വി.ഇ.ഒമാര്‍ എന്നിവര്‍ പങ്കെടുത്തു.