അരിവാള്‍ രോഗികളുടെ ആരോഗ്യപരവും സാമൂഹ്യപരവും തൊഴില്‍പരവുമായ വിഷയങ്ങളില്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അരിവാള്‍ രോഗികളുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. അരിവാള്‍ രോഗികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കളക്ട്രേറ്റില്‍ നടന്ന ശില്‍പ്പശാല തീരുമാനിച്ചു.

സിക്കിള്‍ സെല്‍ അനീമിയ രോഗബാധിതര്‍ക്കായി ജില്ലയിലെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ ഭരണകൂടം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ – സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസും സംയുക്തമായാണ് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചത്. സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെ ആരോഗ്യം, തൊഴില്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തും. രോഗികള്‍, രോഗവാഹകര്‍ എന്നിങ്ങനെ തരംതിരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ രജിസ്റ്റര്‍ ഉണ്ടാക്കണം.

ജില്ലയില്‍ നിലവില്‍ 1080 സിക്കില്‍ സെല്‍ അനീമിയ രോഗികളാണ് ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 612 രോഗികള്‍ പട്ടികവര്‍ഗ്ഗക്കാരാണ്. ഇവര്‍ക്ക് സൗജന്യ ചികിത്സയോടൊപ്പം പ്രതിമാസം 2500 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. വൈത്തിരി താലൂക്കിലുള്ള 120 സിക്കില്‍ സെല്‍ രോഗികളുള്ളതില്‍ 35 പേര്‍ക്ക് ജൂണ്‍ വരെയും 85 പേര്‍ക്ക മേയ് വരെയും പെന്‍ഷന്‍ നല്‍കി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ 341 രോഗികളില്‍ 206 പേര്‍ക്ക് ജൂലൈ വരെയും 135 പേര്‍ക്ക് ജൂണ്‍ വരെയും പെന്‍ഷന്‍ നല്‍കി. മാനന്തവാടി താലൂക്കിലെ 152 രോഗികള്‍ക്ക് ജൂണ്‍ വരെയുള്ള പെന്‍ഷന്‍ നല്‍കി. മറ്റു വിഭാഗത്തിലെ പെന്‍ഷന്‍ കുടിശ്ശികയുള്ള രോഗികള്‍ക്ക് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സിക്കിള്‍ സെല്‍ അനീമിയ സര്‍ട്ടിഫിക്കറ്റുള്ള രോഗികളെ തരം തിരിവുകളില്ലാതെ ഭിന്നശേഷി പട്ടികയില്‍ പരിഗണിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് പ്രപ്പോസല്‍ നല്‍കാനും നിര്‍ദ്ദേശിച്ചു. അടുത്ത മാസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം സിക്കില്‍സെല്‍ അനീമിയ രോഗികളെയും ഉള്‍പ്പെടുത്തി രണ്ടാം ഘട്ട ശില്‍പ്പശാല നടത്തും. സിക്കില്‍ സെല്‍ അനീമിയ രോഗികള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ ഇള്‍പ്പെടുത്തണമെന്നും ശില്‍പ്പശാലയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. കളക്ട്രേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ശില്‍പ്പശാല ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എസ്. സഹീറുദ്ധീന്‍ വിഷയാവതരണം നടത്തി. വിവിധ വകുപ്പ് പ്രതിനിധികളും സന്നദ്ധ സംഘടനകളും ഈ മേഖലയില്‍ നടപ്പിലാക്കുന്നതും, നടപ്പാക്കേണ്ടതുമായ പദ്ധതികള്‍ വിശദീകരിച്ചു.
എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍, സിക്കിള്‍ സെല്‍ രോഗ ബാധിതരുടെ സംഘടനാ പ്രതിനിധികള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.