സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് അന്വര്‍ത്ഥമാക്കപ്പെടുന്ന ഇന്ത്യ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന് ഊര്‍ജം പകരുന്നതാവണം സ്വാതന്ത്ര്യ ദിനാഘോഷമെന്നും മന്ത്രി പറഞ്ഞു.
അമൃത മഹോത്സവമായാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം നാം ആഘോഷിച്ചത്. രാജ്യമെങ്ങും വളരെ നല്ല നിലയില്‍ ജൂബിലി ആഘോഷം നടന്നു. രാജ്യം ഇവിടെയുള്ള ഓരോ പൗരന്റേതുമാണ്. രാജ്യം ഇവിടെയുള്ള എല്ലാ പ്രദേശങ്ങളുടേതും ഭാഷകളുടേതും മതവിഭാഗങ്ങളുടേതും സംസ്‌കാരങ്ങളുടേതുമാണ്. അവയില്‍ ഏതെങ്കിലും ഒന്നിന് ഇവിടെ സ്ഥാനമില്ലെന്നോ, ഏതെങ്കിലും ഒന്നിന് മറ്റൊന്നിനേക്കാള്‍ പ്രാധാന്യമുണ്ടെന്നോ ആരുംസങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത ഇന്ത്യയാണ് കെട്ടിപ്പടുക്കാനുള്ളത്. സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ഇന്നത്തെ ജീവിതത്തില്‍ അതിന്റെ സ്വാധീനത്തെ കുറിച്ചും കൂടുതല്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. എങ്ങനെയാണ് വന്‍കരയേക്കാള്‍ വലുതായ ഒരു ഉപ ഭൂഖണ്ഡത്തെ ഒരു ചെറിയ രാജ്യം അടിമപ്പെടുത്തി ദീര്‍ഘ കാലം ഭരിച്ചത് എന്ന കാര്യം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടുങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.
പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എന്‍.സി.സി, എസ്.പി.സി, സകൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി 38 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എം.എസ്.പി അസി. കമാന്‍ഡന്റ് കെ. രാജേഷ് പരേഡ് കമാന്‍ഡറായി. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് കുമാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡായിരുന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.
പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു.