വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടന്ന എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി മൺമറഞ്ഞ ധീരദേശാഭിമാനികളെ അഭിമാനാദരവുകളോടെ അനുസ്മരിക്കുകയാണ്.

രാജ്യം ഒരു മതനിരപേക്ഷ സ്ഥിതിസമത്വ ജനാധിപത്യ റിപ്പബ്ലിക്ക് ആവണം എന്ന സങ്കൽപമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പരിപാവന ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന, ജാതി മത ദേശ ഭാഷാ വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യർ പോരടിക്കുന്ന സാമൂഹ്യ അന്തരീക്ഷം ഉയർന്നു വരുന്നതായാണ് വർത്തമാനകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇത് വേദനാജനകമാണ്. ഇത്തരം വിഭാഗീയ, ശിഥിലീകരണ നീക്കങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കുകയും ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന സങ്കൽപത്തിലേക്ക് അഭിമാനപൂർവ്വം ഒന്നിക്കാനും മുന്നേറാനും നമുക്ക് കഴിയണം.

മണിപ്പൂരിലും ഹരിയാനയിലും യുപിയിലും നടക്കുന്ന സംഭവങ്ങൾ വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മഹത്തായ വീക്ഷണങ്ങൾ മുറുകെ പിടിച്ച് എല്ലാ സങ്കുചിതത്വങ്ങൾക്കെതിരെയും അടരാടേണ്ട സമയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ജീവത്തായ പ്രശ്നമായ ഭൂപതിവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഹരിക്കപ്പെടാൻ പോവുകയാണ്. സബ്ജക്ട് കമ്മിറ്റി പരിശോധനക്ക് ശേഷം സെപ്റ്റംബറിൽ നടക്കുന്ന അടുത്ത നിയമസഭ സെഷനിൽ ഭൂപതിവ് ബിൽ അവതരിപ്പിക്കപ്പെടുമ്പോൾ ഇടുക്കി ജില്ലയിലെ കർഷകരുടെ ചിരകാല അഭിലാഷം സാക്ഷാത് കരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

പരേഡ് കമാൻഡർ ഉടുമ്പഞ്ചോല സി. ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 21 പ്ലറ്റൂണുകളാണ് പരേഡിൽ അണി നിരന്നത്. ഇടുക്കി ഹെഡ് ക്വാർട്ടേഴ്സ് ആർ. എസ്. ഐ ബിജു കെ. യുടെ നേതൃത്വത്തിൽ പൊലീസ്, സബ് ഇൻസ്‌പെക്ടർ വിനോദ്കുമാർ ടി യുടെ നേതൃത്വത്തിൽ ലോക്കൽ പൊലീസ്, സബ് ഇൻസ്‌പെക്ടർ സുലേഖയുടെ നേതൃത്വത്തിൽ വനിതാ പൊലീസ്, വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ അനീഷ് കെ എയുടെ നേതൃത്വത്തിൽ എക്സൈസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജയ് ഘോഷിന്റെ നേതൃത്വത്തിൽ വനം വകുപ്പ് എന്നിവ അണിനിരന്നു.

പൈനാവ് എം. ആർ. എസ്, കഞ്ഞിക്കുഴി നങ്കിസിറ്റി എസ്. എൻ. എച്ച്. എസ്. എസ് എന്നീ സ്കൂളുകളിൽ നിന്നുള്ള ബാൻഡ് ടീം പരേഡിന് താളലയമൊരുക്കി. കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികൾ ദേശീയഗാനം ആലപിച്ചു. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെയും വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിലെയും വിദ്യാര്‍ത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു. കട്ടപ്പന സ്വദേശിയായ അനഘ മരിയ സാബു ദേശീയഗീതം വയലിനിൽ വായിച്ചു.