വിഷരഹിത മത്സ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മത്സ്യ ഫെഡിന്റെ നേതൃത്വത്തിലുള്ള ഹൈടെക് ഫിഷ്‍മാര്‍ട്ട് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം തുടങ്ങി. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കായിക, വഖഫ്, ഹജ്ജ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ ഫിഷ്‍മാര്‍ട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ പി. ഷാജി മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ പി. ഷാജിക്ക് മത്സ്യം നല്‍കി നജീബ് കാന്തപുരം എം.എല്‍.എ ആദ്യവില്‍പ്പന നിര്‍വഹിച്ചു.
ചടങ്ങില്‍ മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ എം.എസ് ഇര്‍ഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ എ. നസീറ, നഗരസഭാ കൗണ്‍സിലര്‍ സക്കീര്‍ ഹുസൈന്‍, സെക്രട്ടറി മിത്രന്‍, ഫിഷറീസ് അസി. രജിസ്ട്രാര്‍ എം. സുനില്‍ കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. മത്സ്യഫെഡ് ഭരണ സമിതി അംഗം പി.പി സൈതലവി സ്വാഗതവും ജില്ലാ മാനേജര്‍ ഇ. മനോജ് നന്ദിയും പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി, ഏറ്റവും ഗുണമേന്മയുള്ളതും രാസവസ്തു വിമുക്തവുമായ മത്സ്യം ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ‘ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ഫിഷ് മാർട്ട്’ പദ്ധതിയുടെ ഭാഗമായാണ് പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സില്‍ ഫിഷ്‍മാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയത്. മലപ്പുറം ജില്ലയിലെ വിവിധ ഹാർബറുകൾ, ഫിഷ് ലാന്റിങ് സെന്ററുകൾ എന്നിവിടങ്ങളിലെ മത്സ്യ തൊഴിലാളികളില്‍ നിന്നാണ് ഫിഷ് മാര്‍ട്ടിലേക്ക് മത്സ്യം ശേഖരിക്കുക. മത്സ്യ വില്‍പ്പനയോടൊപ്പം മത്സ്യങ്ങളുടെ വിവിധ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും ഇവിടെ നിന്ന് പൊതുജനങ്ങള്‍ക്ക് വാങ്ങാനാവും.