കൃഷിയുടെ പ്രാധാന്യം വിളിച്ചോതി കടമ്പൻ മൂത്താൻ നയിക്കുന്ന കാർഷിക വിളംബരജാഥ നാല് പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. ജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാനും കൃഷിയിൽ നിന്ന് അകന്നു പോകുന്നവരെ കൃഷിയുടെ പ്രാധാന്യം അറിയിച്ചു മണ്ണിലേക്ക് തിരികെ എത്തിക്കാനുമാണ് കാർഷികോത്സവത്തിന്റെ ഭാഗമായി കാർഷിക കലാജാഥ സംഘടിപ്പിക്കുന്നത്. ജാഥയിൽ തിരുവനന്തപുരം ഓർഗാനിക് തിയേറ്ററിൻ്റെ ‘കടമ്പൻ മൂത്താൻ’ നാടകമാണ് മുഖ്യ ആകർഷണം.
കുന്നുകരയിൽ നിന്നും ആരംഭിച്ച കലാജാഥ ഇതുവരെ കരുമാലൂർ, ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. 17ന് കളമശ്ശേരിയിലും 18ന് ഏലൂരിലും കർഷകർക്ക് ആവേശം പകരാൻ കടമ്പൻ മൂത്താനും കൂട്ടരും എത്തും. ജാഥ ദിവസം ഒരു പഞ്ചായത്തിലാണ് പര്യടനം നടത്തുക. രാവിലെ ഏഴ് മുതൽ ഉച്ചവരെ പാടശേഖരങ്ങളിലും ഉച്ചയ്ക്ക് ശേഷം കവലകളിലുമെത്തും. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 20 മുതൽ 27 വരെ സംഘടിപ്പിക്കുന്ന കാർഷികോത്സവം 2023ന്റെ പ്രചരണാർത്ഥമാണ് കാർഷിക കലാ ജാഥ നടക്കുന്നത്.
19ന് മണ്ഡലത്തിലെ കൃഷിയിടങ്ങളിൽ വിളവെടുപ്പ് മഹോത്സവം നടക്കും. 20ന് വൈകിട്ട് മൂന്നിന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് കാർഷികോത്സവത്തിന് തുടക്കം കുറിക്കുക. മണ്ഡലം എംഎൽഎയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി രാജീവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സമഗ്ര കാർഷിക വികസന പദ്ധതിയാണ് കൃഷിക്കൊപ്പം കളമശ്ശേരി.