ശരിയായവിവരം ലഭിച്ചാൽ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
യുവതലമുറയെ ലഹരിയിൽ നിന്നു രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബല്ലാ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വർജന മിഷന്റെ നിയോജക മണ്ഡലതല ക്യാംപിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുതലുള്ള സ്ഥലം കണ്ടെത്തി നിയമ നടപടികളും ബോധവത്ക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കാനാണ് വിമുക്തി നിയോജക മണ്ഡലതല ക്യാംപ് ലക്ഷ്യമിടുന്നത്. ധാരാളം ആളുകൾ ലഹരി ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും കണ്ടെത്താൻ മുന്നോട്ട് വരുന്നുണ്ട്. വാട്സാപിലൂടെയും മറ്റു സമൂഹിക മാധ്യമകളിലൂടെയും ഇത്തരം ഫോട്ടോകൾ അയയ്ക്കാനുള്ള സൗകര്യം എക്സൈസ് വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ലഹരി മാഫിയകൾ ഏറ്റവും കൂടുതൽ
ലക്ഷ്യമിടുന്നത് കുട്ടികളെയാണ്. മാരകമായ ലഹരി വസ്തുക്കളാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്. ഇത്തരം കാര്യങ്ങൾ അറിയാതെയാണ് പലരും ഇത് തുടക്കത്തിൽ ഉപയോഗിക്കുന്നത്. പിന്നീട് ഇതിൽ നിന്നു പുറത്തു കടക്കാൻ പറ്റാത്തതെയാകുന്നു. ലഹരിയുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും ഇന്ന് നിലവിലുണ്ട് എന്നാൽ, ഇതിന്റെ അവസാനം ജീവിതം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ലഹരി ഉപയോഗിക്കുന്നവർ സാധാരണ മനുഷ്യരെ പോലെയല്ല പെരുമാറുന്നത്. മൃഗങ്ങളെക്കാൾ മോശമായാണ് ഇവർ പെരുമാറുന്നത്. തങ്ങളുടെ കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ വിശ്വസിക്കാൻ രക്ഷിതാക്കൾ മടി കാണിക്കുന്നു. ഇക്കാര്യത്തിൽ യഥാർഥ്യത്തെ യഥാർഥ്യമായി തന്നെ ഉൾക്കൊള്ളാൻ തയാറാകണം. രക്ഷിതാക്കൾ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തണം. രക്ഷപ്പെടുത്താൻ കഴിയുന്നവരെ ലഹരിയിൽ മോചിപ്പിക്കാനുള്ള വഴികൾ തേടണം. ഇടനിലക്കാരുടെയും വിൽപന നടത്തുന്നവരുടെയും ഹോട്സ്പോട്ടുകൾ കണ്ടെത്തും. വിദ്യാലയങ്ങളിൽ അടക്കം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുണ്ട്. അധ്യാപകർ ഭയന്ന് ഇക്കാര്യങ്ങൾ പറയാറില്ല. ഇത്തരം സംഭവങ്ങൾ കൃത്യമായി അധികൃതരെ അറിയിക്കണം. ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നവരെയാണ് ശിക്ഷിക്കേണ്ടത്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കണം. ജാഗ്രത സമിതികൾ ശക്തമായും സജീവമായും പ്രവർത്തിക്കണം. ഉത്തരവാദിത്തപ്പെട്ടവരെ ഇക്കാര്യങ്ങൾ അറിയിച്ചിട്ടും നടപടിയില്ലെങ്കിൽ മന്ത്രിയെ നേരിട്ട് അറിയിക്കണം. വിവരം അറിഞ്ഞിട്ടും നടപടി എടുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. എക്സൈസ് ഇക്കാര്യത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
എം.രാജഗോപാലൻ എംഎൽഎ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.പി.ഉഷ, കാഞ്ഞങ്ങാട് നഗരസഭ ഉപാധ്യക്ഷൻ ബിൽടെക് അബ്ദുല്ല, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.ലത, കെ. പ്രഭാവതി, കൗൺസിലർമാരായ എൻ.അശോക് കുമാർ, കെ.വി മായാകുമാരി, കെ സുശീല, എൻ. ഇന്ദിര, ടി.വി സുജിത്ത്.
ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ കെ. പ്രേം കൃഷ്ണ, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.ടി.മനോജ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ.നന്ദികേശൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, ബല്ല സ്കൂൾ പ്ലാറ്റിനം ജൂബിലി സംഘാടക സമിതി ചെയർമാൻ പി.അപ്പുക്കുട്ടൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി.പ്രഭാകരൻ, സ്കൂൾ പ്രിൻസിപ്പൽ സി.വി.അരവിന്ദാക്ഷൻ, പിടിഎ പ്രസിഡന്റ് എൻ.ഗോപി, കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി എം. അനിൽ കുമാർ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർമാർ തുടങ്ങിയവർ പങ്കെടുത്തു. അഡീഷണൽ എക്സൈസ് കമ്മീഷണർ ഡി.രാജീവ് സ്വാഗതവും കാസർകോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.ജയരാജ് നന്ദിയും പറഞ്ഞു. തുടർന്ന്
മയക്കുമരുന്ന് വിപത്തിനെതിരെ
ജനകീയ പ്രതിരോധം ഒപ്പു ശേഖരണം നടത്തി.