കേരളത്തിലെ ഊര്‍ജ മേഖലയില്‍ നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നവീകരണങ്ങള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളുമായും മേഖലയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമായും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനും (കെഎസ്ഇആര്‍സി) കെഎസ്ഇബിയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി ഭവനില്‍ നടന്ന എഞ്ചിനീയറിംഗ് കോളേജ്, സ്റ്റാര്‍ട്ടപ്പ് പ്രതിനിധികളുമായി നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊര്‍ജ സംരക്ഷണം, പ്രസരണ നഷ്ടം കുറയ്ക്കല്‍, സ്റ്റോറേജ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ഇതിന്റെ ഭാഗമായി എഞ്ചിനീയറിംഗ് കോളേജുകളിലെ ഇലക്ട്രിക്കല്‍ വിഭാഗവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. ഈ മേഖലയിലെ ഗവേഷണങ്ങളും പഠനങ്ങളും ശക്തിപ്പെടുത്തുന്നതിന് അധ്യാപകര്‍ക്കും എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രോത്സാഹനം നല്‍കും. ഇവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ഇബിയില്‍ അപ്രന്റീസ്ഷിപ്പ് സൗകര്യം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പങ്കാളിത്ത സംവിധാനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചര്‍ച്ചയില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ 25 എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള പ്രതിനിധികളും സ്റ്റാര്‍ട്ടപ്പ് പ്രതിനിധികളും പങ്കെടുത്തു. കെഎസ്ഇആര്‍സി സെക്രട്ടറി സി ആര്‍ സതീശ് ചന്ദ്രന്‍, അംഗങ്ങളായ ബി പ്രദീപ്, അഡ്വ. എ ജെ വില്‍സണ്‍, കംപ്ലെയിന്റ് എക്‌സാമിനര്‍ ഭുവനേന്ദ്ര പ്രസാദ്, ഓംബുഡ്‌സ്മാന്‍ എ ചന്ദ്രകുമാരന്‍ നായര്‍, എഞ്ചിനീയറിംഗ് കോളേജ് പ്രതിനിധികളായ പ്രൊഫ. ജിനേഷ്, ഡോ. ജോണ്‍ ചെമ്പുക്കാവ്, പ്രൊഫ. അജയ് ജെയിംസ്, ഡോ. അജയ് കുമാര്‍, പിആർ കൺസൽട്ടൻ്റ് ടി എ ഷൈന്‍, സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.