രാജ്യത്തെ വിലക്കയറ്റ സൂചികയിൽ ഏറ്റവും കുറവ് അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്നും സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് സാധാരണക്കാർക്ക് വേണ്ടി സർക്കാർ ചെലവഴിക്കുന്നതെന്നും കായിക ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ.
മലപ്പുറം പ്രസ്സ് ക്ലബ് പരിസരത്ത് കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും സർക്കാർ ജനങ്ങൾക്കൊപ്പമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സാമ്പത്തിക ഞെരുക്കത്തിനിടയിലും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്തത്.
ഈ ഓണക്കാലത്ത് ഏറ്റവും നല്ല രീതിയിൽ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്ക് എത്തിക്കാനും ഉയർന്ന തോതിലുള്ള വിലക്കയറ്റം നിയന്ത്രിക്കാനും സഹകരണ വിപണിയ്ക്ക് കഴിയുമെന്നും മന്ത്രി കൂട്ടിചേർത്തു. പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി ആദ്യ വില്പന നടത്തി. കൺസ്യൂമർഫെഡ് ഭരണസമിതി അംഗം സോഫിയ മെഹറിൻ സമ്മാനക്കൂപ്പൺ വിതരണം ചെയ്തു.
കൺസ്യൂമർഫെഡ് റീജിയനൽ മാനേജർ മുഹമ്മദ് ജുമാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണസംഘം ജോയിൻ്റ് രജിസ്ട്രാർ പി. ബഷീർ, ഡെപ്യൂട്ടി രജിസ്ട്രാർ എം. ശ്രീഹരി, അസിസ്റ്റൻറ് രജിസ്ട്രാർമാരായ എ.പി സുമേഷ്, ഷംസുദ്ദീൻ, സഹകരണ യൂണിയൻ സർക്കിൾ ചെയർമാൻ ഒ. സഹദേവൻ, സഹകരണസംഘം സീനിയർ ഇൻസ്പെക്ടർ പി. മുരളീധരൻ, മലപ്പുറം നഗരസഭ കൗൺസിലർ പി. എസ്. എ ഷബീർ, മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി സി.വി രാജീവ്, പ്രസിഡൻറ് വിമൽ കോട്ടയ്ക്കൽ, കോഡൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി എ. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.