നവകേരളം കർമ്മ പദ്ധതി-2ന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം നീളുന്ന ഓർമ്മ മരം ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ തല ഉദ്‌ഘാടനം കളക്ട്രേറ്റ് വളപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കുറ്റ്യാട്ടൂർ മാവിൻതൈ നട്ട് നിർവഹിച്ചു .
മരങ്ങൾ നട്ടുവളർത്താൻ താല്പര്യമുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹരിത കേരളം മിഷൻ ഓർമ്മ മരം ക്യാമ്പയിൻ നടപ്പിലാക്കുന്നത്.ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ , സംഘടനകൾ, വ്യക്തികൾ, തുടങ്ങിയവയുടെ പിന്തുണയോടെ സ്ഥാപകദിനം, വ്യക്തികളുടെ ജന്മദിനം , മൺമറഞ്ഞ വ്യക്തികളുടെ ഓർമ്മ ദിനം, വിവാഹദിനം ,വിവാഹ വാർഷിക ദിനം തുടങ്ങി പ്രത്യേകതകളുള്ള ദിനങ്ങളിൽ പൊതുസ്ഥലങ്ങളിലോ സ്ഥാപനങ്ങളിലോ സംഘടനകളുടെ നേതൃത്വത്തിലോ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് കൊണ്ട് വൃക്ഷ വൽക്കരണം പ്രോൽസാഹിപ്പിക്കാനാണ് ഹരിത കേരളം മിഷൻ ലക്ഷ്യമിടുന്നത്.
പരിപാടിയുടെ ഭാഗമായി ആദ്യ ദിനം ജില്ലയിൽ 150 വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു . ഉദ്‌ഘാടന പരിപാടിയിൽ ശുചിത്വമിഷൻ ജില്ല റിസോഴ്സ്പേഴ്സൺ ഇ മോഹനൻ,ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ, ഹരിതകേരളം മിഷൻ ജില്ലാ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.