ചന്ദ്രയാൻ-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തൽസമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഐഎസ്ആർഒയുമായി ചേർന്ന് 23ന് വൈകിട്ട് അഞ്ചു മണി മുതൽ രാത്രി പത്ത് മണി വരെയാണ് സംവിധാനം ഒരുക്കുന്നത്. 6.04 ന് ലൂണാർ ലാൻഡിംഗിന്റെ ദൃശ്യങ്ങൾ വലിയ സ്‌ക്രീനിൽ കാണാൻ സാധിക്കും.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട് സയൻസും ചേർന്ന്  ഡിസംബറിൽ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നടത്തുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ കർട്ടൻ റെയ്‌സർ പരിപാടിയായി മൂൺ സെൽഫി പോയിന്റും സജ്ജമാക്കും. ‘നൈറ്റ് അറ്റ് ദി മ്യൂസിയം’ പരിപാടിയുടെ ഭാഗമായി രാത്രി പത്തു മണി വരെ വാനനിരീക്ഷണ സൗകര്യം ബുധനാഴ്ചയുണ്ടാവും.

മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് ഡോ. എം.സി. ദത്തൻ, ഗവേഷകരായ ഡോ. അശ്വിൻ ശേഖർ, ഡോ. വൈശാഖൻ തമ്പി എന്നിവർ ചാന്ദ്രദൗത്യത്തെപ്പറ്റി സംസാരിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകും.