നല്ല നാടിന്റെ കരുത്തായി പൂക്കളങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഓണാഘോഷം. സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയാണ് തെരഞ്ഞെടുപ്പ് വിഭാഗം തിരുവാതിരയും പൂക്കളങ്ങളുമായി ഓണത്തെ വരവേറ്റത്. സ്വാതന്ത്ര്യദിനത്തില്‍ മെഗാ തിരുവാതിര ഒരുക്കി ശ്രദ്ധനേടിയ വയനാട് ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബുകളാണ് ഓണത്തോടനബന്ധിച്ച് കളക്ട്രേറ്റില്‍ ഒരുമയുടെ പൂക്കളം തീര്‍ത്തത്.
ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടത് ഓരോ പൗരന്റെയും അവകാശമാണ്. പുതിയ തലമുറയില്‍ തെരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുന്നതിനായുള്ള വിപുലമായ പ്രചാരണങ്ങളുടെ ഭാഗമായാണ് വര്‍ണ്ണാഭമായ പൂക്കളവും തീര്‍ത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലോഗോയും വര്‍ണ്ണവിതാനങ്ങളുമെല്ലാം കോര്‍ത്തിണക്കിയ പൂക്കളങ്ങള്‍ ഓണ നാളുകളില്‍ വേറിട്ടതായി മാറി.
യുവതലമുറകളില്‍ ജനാധിപത്യ ബോധം വളര്‍ത്തി ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ എന്നിവടങ്ങളില്‍ ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബുകള്‍ സജീവമാണ്. രൂപീകരിക്കപ്പെട്ട 77 ലിറ്ററസി ക്ലബ്ബുകളില്‍ എല്ലാ വിദ്യാര്‍ത്ഥികളും അംഗങ്ങളാണ്. പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനാധിപത്യത്തിന്റെ ശ്രേഷ്ഠമായ കെട്ടുറപ്പുകള്‍ കൂടിയാണ് ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബുകള്‍ പങ്കുവെക്കുന്നത്.
കരുത്തുറ്റ ജനാധിപത്യത്തിന് വിപലുമായ പങ്കാളിത്തം എന്ന സന്ദേശവുമായി വ്യത്യസ്തമായ പരിപാടികളാണ് ലിറ്ററസി ക്ലബ്ബുകളുടെയും സ്വീപ്പ് വയനാടിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവും ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നു. വോട്ടിങ്ങ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് വയനാട് ജില്ലയില്‍ ലിറ്ററസി ക്ലബ്ബുകളുടെ മെഗാ തിരുവാതിര അരങ്ങേറിയത്.
ഇരുന്നൂറിലധികം പേര്‍ അണിനിരന്ന മെഗാതിരുവാതിര സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക് മിഴിവേകിയിരുന്നു. ലിറ്ററസി ക്ലബ്ബ് പൂക്കള മത്സരത്തില്‍ കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ്.പടിഞ്ഞാറത്തറ രണ്ടാം സ്ഥാനവും മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് മൂന്നാം സ്ഥാനവും നേടി. ഡബ്ല്യു.എം.ഒ എച്ച്.എസ് മുട്ടില്‍, എന്‍.എം.എസ്.എം കോളേജ് കല്‍പ്പറ്റ, സെന്റ് ജോസഫ് ഗേള്‍സ് എച്ച്.എസ് മേപ്പാടി, സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരി, ഡോണ്‍ ബോസ്‌കോ ബത്തേരി എന്നിവടങ്ങളിലെ ലിറ്ററസി ക്ലബ്ബുകളും പൂക്കളമത്സരത്തില്‍ മാറ്റുരച്ചു. വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് സമ്മാനവിതരണം നടത്തി. എ.ഡി.എം. എന്‍.ഐ.ഷാജു, ഇലക്ഷന്‍ ഡെപ്യൂട്ടികളക്ടര്‍ എസ്. ജയകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകി, തഹസില്‍ദാര്‍മാരായ എം.എസ്. ശിവാദാസന്‍, വി.കെ. ഷാജി, ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. രാജേഷ്‌കുമാര്‍, ടിജു തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.