ഓണവിപണി ലക്ഷ്യമിട്ട് വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിയിറക്കിയ ചെണ്ടുമല്ലി വിളവെടുപ്പ് പുരോഗമിക്കുന്നു. ഓണക്കാലത്ത് പ്രാദേശിക വിപണിയില്‍ ചെണ്ടുമല്ലി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ചിന്മയ തൊഴിലുറപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്ത ഒരേക്കറില്‍ 500 തൈകള്‍ നട്ടത്. 30 കിലോഗ്രാം പൂക്കളാണ് ഇതുവരെ വിളവെടുത്തത്.

വിളയൂരിലെ പൂക്കടകളിലും സ്‌കൂളുകളിലെ ഓണാഘോഷങ്ങള്‍ക്കും പൊതുവിപണിയിലെ വില അനുസരിച്ച് ചെണ്ടുമല്ലി വില്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബേബി ഗിരിജ പറഞ്ഞു. ചിന്മയ ഗ്രൂപ്പിലെ പ്രവര്‍ത്തകര്‍ തന്നെയാണ് തൈകള്‍ പരിപാലിച്ചത്. വിളയൂര്‍ കൃഷിഭവനില്‍നിന്നും ഒരെണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് തൈകള്‍ വാങ്ങിയത്.

ചെണ്ടുമല്ലിക്ക് പുറമെ വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ 30 ഏക്കറില്‍ തൊഴിലുറപ്പ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ പച്ചമുളക്, വഴുതന, വെണ്ട തുടങ്ങി വിവിധ തരം പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇവയും പ്രാദേശിക വിപണിയിലെത്തിക്കും. വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബേബി ഗിരിജ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ രാജി മണികണ്ഠന്‍, കൃഷി ഓഫീസര്‍ അഷ്ജാന്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ.ഇ ഷംലത്ത്, തൊഴിലുറപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.