നിയോജക മണ്ഡലം തല വിമുക്തിശില്‍പശാല സെപ്റ്റംബറില്‍
ഓണത്തിന് മുന്നോടിയായി ജില്ലയിലെ വ്യാജ മദ്യത്തിന്റെ ഉത്പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. എല്ലാ പഞ്ചായത്തുകളിലും മുന്‍സിപാലിറ്റികളിലും വാര്‍ഡുതല ജനകീയ ജാഗ്രതാ സമിതികള്‍ യോഗം ചേരുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
നിയോജക മണ്ഡലം തലത്തില്‍ വിമുക്തിശില്‍പശാല സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ലഹരിയ്ക്ക് അടിമപ്പെടാതെ യുവജനങ്ങളെ തൊഴില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിന് സാമൂഹികമായി പ്രാപ്തരാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കും.
കഴിഞ്ഞ ജനകീയ സമിതി യോഗം ചേര്‍ന്നതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് കണ്‍വീനര്‍ കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ.ജയരാജ് അവതരിപ്പിച്ചു. പോലീസ് വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.എ.മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യാജ മദ്യത്തിനും, മയക്കുമരുന്നിനുമെതിരെ നടത്തേണ്ട ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.സൂര്‍ജിത്, വിമുക്തി മാനേജര്‍ അസി.എക്‌സൈസ് കമ്മീഷണര്‍ കെ.ആര്‍.അജയ്, ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കാള്‍ ഇന്‍സ്‌പെക്ടര്‍ പി.ദിലീപ്, പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥ്, വിമുക്തി കോര്‍ഡിനേറ്റര്‍ സ്‌നേഹ, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികളായ പി.ജി.ദേവ്, പി.ടി.നന്ദകുമാര്‍, വി.കെ.രമേശന്‍, ഉമ്മര്‍ പടലടുക്ക, ഹസൈനാര്‍ നുള്ളിപ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.