മലയോരമേഖലയായ റാന്നിയിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം എത്തുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വടശേരിക്കര ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ 3925 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് ജല്‍ ജീവന്‍ മിഷന്‍ വഴി 60.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തോടെ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകും. വേര്‍തിരിവില്ലാതെ എല്ലാ ഭവനങ്ങള്‍ക്കും സുസ്ഥിരമായി കുടിവെള്ളം ലഭ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വടശേരിക്കരയുടെ ചിരകാല സ്വപ്നമാണ് സാക്ഷത്കരിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസാരിച്ച  പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജലജീവന്‍ മിഷനിലൂടെ മലയോരമേഖലകളിലെ ജനങ്ങള്‍ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.

ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കോമളം അനിരുദ്ധന്‍, അഡ്വ. സിബി താഴത്തില്ലത്ത്, ഷിജി മോഹന്‍, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, ലേഖ സുരേഷ്, കേരള ജല അതോറിറ്റി ടെക്നിക്കല്‍ അംഗം ജി ശ്രീകുമാര്‍, കേരള ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജന്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.