ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം വിപണന മേള സജീവം. നാടന്‍ പച്ചക്കറികള്‍, ഇഞ്ചിപ്പുളി, അച്ചാറുകള്‍, സാമ്പാര്‍ പൊടി, ചട്നിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി പപ്പടം, തേന്‍, ശര്‍ക്കര വരട്ടി, കായ വറവ്, തുണികള്‍, തേങ്ങ, തുണിസഞ്ചി, പായസം തുടങ്ങിയവ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഗുണമേന്മയോടുകൂടി മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ഇവിടെ ലഭ്യമാണ്. അമ്പതോളം കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളും പതിനഞ്ചോളം ജെ.എല്‍.ജി ഉത്പന്നങ്ങള്‍, മൂല്യവര്‍ദ്ധിത യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ എന്നിവ ഓണവിപണിയില്‍ ലഭ്യമാണ്.

പൊതുവിപണിയില്‍നിന്നും ലഭിക്കുന്ന സാധനങ്ങള്‍ക്ക് പുറമേ പൂര്‍ണമായും കുടുംബശ്രീ യൂണിറ്റുകളില്‍ തയ്യാറാക്കുന്ന ഉത്പന്നങ്ങള്‍ കൂടി വിപണനമേളയില്‍ ലഭ്യമാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുതലായവ മേളയില്‍ വന്നു വില്‍ക്കാനും അവസരമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിപണന മേള ഒരുക്കിയിരുന്നു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിന് മുന്‍വശം ചെര്‍പ്പുളശ്ശേരി മണ്ണാര്‍ക്കാട് മെയിന്‍ റോഡിന് സമീപത്താണ് മേള നടക്കുന്നത്. കെ. പ്രേംകുമാര്‍ എം.എല്‍.എ. മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആഗസ്റ്റ് 28 വരെയാണ് മേള.