പ്രതീക്ഷ 600 കിലോപൂക്കള്‍

ആലത്തൂരിന് ഓണപ്പൂക്കളം ഒരുക്കാന്‍ വെങ്ങന്നൂര്‍ കൃഷിക്കൂട്ടം ചെണ്ടുമല്ലി വിളവെടുപ്പ് ആരംഭിച്ചു. ആലത്തൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വെങ്ങന്നൂര്‍ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി വിളവെടുത്തത്. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ പഞ്ചായത്ത് വെങ്ങന്നൂരിലെ 25 സെന്റ് സ്ഥലത്താണ് കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷിയിറക്കിയത്. അത്യുദ്പാദനശേഷിയുള്ളതും ചുവപ്പും മഞ്ഞയും നിറത്തോടും കൂടിയ ആഫ്രിക്കന്‍ മാരിഗോള്‍ഡ് വിഭാഗത്തില്‍പ്പെട്ട ചെണ്ടുമല്ലിയാണ് കൃഷിയിറക്കിയത്.


നസീര്‍, പ്യാരിജാന്‍, ഷക്കീല, റെജീന, ജമീല എന്നിവര്‍ അംഗങ്ങളായ കൃഷിക്കൂട്ടം സലിം വെങ്ങന്നൂരിന്റെ 25 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് ഫീനിക്സ് കുടുംബശ്രീയുടെ ഭാഗമായ ഹരിത സംഘകൃഷിയും വെങ്ങന്നൂര്‍ കൃഷിക്കൂട്ടത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഹ്രസ്വകാല വിളയായ ചെണ്ടുമല്ലി നട്ട് സുരക്ഷിതവും മികച്ച പരിചരണമുറകളും അനുവര്‍ത്തിച്ച് മൂന്ന് മാസത്തിലാണ് വിളവെടുത്തത്. 25 സെന്റില്‍ നിന്ന് 600 കിലോഗ്രാമോളം പൂക്കള്‍ ലഭിക്കുമെന്നാണ് കൃഷികൂട്ടത്തിന്റെ പ്രതീക്ഷ. ആലത്തൂര്‍ നിറ ഷോപ്പിലൂടെ പൂക്കള്‍ വിപണനം നടത്താനാണ് ഉദ്ദേശിക്കുന്നത്.

ശാസ്ത്രീയമായ കൃഷിരീതി

നാലാഴ്ച പ്രായമുള്ള ചെടികളാണ് ചെണ്ടുമല്ലി കൃഷിക്കായി നട്ടത്. വരികളും ചെടികളും തമ്മില്‍ ഒന്നര അടി അകലത്തിലാണ് ചെണ്ടുമല്ലി തൈകള്‍ നട്ടത്. നട്ട് 20 ദിവസത്തിന് ശേഷം ഇടയിളക്കി സെന്റിന് 220 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവ മേല്‍ വളമായി നല്‍കി. പറിച്ചു നട്ട് 25 ദിവസം കഴിഞ്ഞ് ഇളം മുളകള്‍ നുള്ളിക്കൊടുത്തതിനാല്‍ കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകാനും ചെടികള്‍ക്ക് കരുത്തു കൂടാനും കൂടുതല്‍ പൂക്കള്‍ വരാനും സഹായകമായി.

മഴ കുറവായതിനാല്‍ ഇടക്കിടക്ക് നനക്കുകയും ചെയ്തു. ചെടികളുടെ വളര്‍ച്ചക്കനുസരിച്ച് 19:19:19 വളക്കൂട്ടും അഞ്ച് ഗ്രാം/ ലിറ്റര്‍ വെള്ളം എന്ന അളവില്‍ ഇലകളില്‍ തളിച്ച് കൊടുക്കുകയും ചെയ്തിരുന്നു. കൃത്യമായ കൃഷിരീതിയിലൂടെ ചെടി നട്ട് 60 മുതല്‍ 65 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പൂക്കള്‍ വിളവെടുക്കാന്‍ സാധിച്ചു.

വിളവെടുപ്പ് ഉത്സവം ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുമാരി, വാര്‍ഡ് അംഗം കലാം, ആലത്തൂര്‍ കൃഷി ഓഫീസര്‍ എം.വി രശ്മി, സെക്രട്ടറി കെ.ജി ദിമിത്രേവ്, വെങ്ങാനൂര്‍ കൃഷിക്കൂട്ടം അംഗങ്ങളായ നസീര്‍, പ്യാരിജാന്‍, ഷക്കീല, റെജീന, ജമീല എന്നിവര്‍ പങ്കെടുത്തു.