അരുവിക്കര മുണ്ടേല സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന്റെ പുതിയ മന്ദിരം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സഹകരണബാങ്കുകൾ കേരളത്തിന്റെ നട്ടെല്ലാണെന്നും അവ ജനജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സഹകരണമേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

80 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള മുണ്ടേല സർവീസ് സഹകരണ ബാങ്ക് 2014 മുതൽ ക്ലാസ് വൺ സ്പെഷൽ ഗ്രേഡ് ബാങ്കായി പ്രവർത്തിക്കുകയാണ്. സമ്പൂർണമായി കമ്പ്യൂട്ടർവത്കരിച്ച ബാങ്കിൽ ആർടിജിഎസ്, നെറ്റ് ബാങ്കിംഗ്, കോർബാങ്കിംഗ്, എസ്എംഎസ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ കൊങ്ങണം ജംഗ്ഷനിൽ മത്സ്യഫെഡിന്റെ ഒരു ഫ്രാഞ്ചൈസിയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈപ്പർ മാർക്കറ്റും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

മുണ്ടേല ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു. നവീകരിച്ച പ്രധാന ശാഖയുടെ ഉദ്ഘാടനം വി.ജോയ് എം.എൽഎയും നവീകരിച്ച ലോക്കർ റൂമിന്റെയും സമൃദ്ധി മാർജിൻഫ്രീ ഹൈപ്പർമാർക്കറ്റിന്റെയും ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എയും നിർവഹിച്ചു.

മുണ്ടേല സർവീസ് സഹകരണബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റോറുകളുടെ കമ്പ്യൂട്ടർവത്കരണം അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കല നിർവഹിച്ചു.