കേരള നോളജ് ഇക്കോണമി മിഷൻ ജയിൽ വകുപ്പ്, ജില്ലാ പ്രൊബേഷൻ കാര്യാലയം എന്നിവയുടെ സഹകരണത്തോടെ ജില്ലാ ജയിൽ തടവുകാർക്കായി തൊഴിൽ പരിശീലനവും കരിയർ കൗൺസിലിങ്ങും സംഘടിപ്പിച്ചു. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജയിലുകൾ പരിവർത്തനത്തിനുള്ള ഇടമായി മാറണമെന്ന് എം എൽ എ പറഞ്ഞു.

അഭ്യസ്തവിദ്യരായ തടവുകാർക്ക് വിജ്ഞാന തൊഴിൽരംഗത്ത് അവസരം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ആരംഭിച്ചത്. 18നും 40നും ഇടയിൽ പ്രായമുള്ള തെരഞ്ഞെടുത്ത തടവുകാർക്കാണ് പരിശീലനം. ബിരുദാനന്തര ബിരുദം, ബിരുദം, പ്ലസ് ടു തുങ്ങിയ യോഗ്യതയുള്ളവരും തമിഴ്‌നാട്, പശ്ചിമബംഗാൾ, കർണാടക, ഹൈദരാബാദ് സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്.

മിഷൻ ജീവനക്കാർ ജയിലിൽ നേരിട്ടെത്തിയാണ് തടവുകാരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്യിച്ചത്. കരിയർ അസസ്‌മെന്റ് ടെസ്റ്റ് പൂർത്തിയാക്കിയ ഇവർക്ക് കരിയർ കൗൺസിലിങ് ഉൾപ്പെടെയുള്ള പരിശീലനവും നൽകി. രജിസ്റ്റർ ചെയ്ത എല്ലാവരും നേരത്തെ പല സ്ഥാപനങ്ങളിലും ജോലിചെയ്തവരാണ്. ജയിൽ മോചിതരായ ശേഷം ജോലി തേടുമ്പോൾ ഇവർക്ക് വെബ്‌സൈറ്റിലെ മറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. പദ്ധതി സംസ്ഥാനത്തെ മറ്റ് ജയിലുകളിലേക്കും വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് നോളജ് മിഷൻ.

ജില്ലാ ജയിൽ സൂപ്രണ്ട് കെ കെ റിനിൽ അധ്യക്ഷത വഹിച്ചു. മിഷൻ ഡി പി എം ജി പി സൗമ്യ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്ത്, അസാപ് സ്‌കിൽ ഡെവപല്‌മെന്റ് ട്രെയിനർ ജോബിഷ് ജോസഫ്, ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ ആർ കെ അമ്പിളി, ജില്ലാ പ്രൊബേഷൻ ഓഫീസർ വി രാജശ്രീ, അസി. പ്രൊബേഷൻ ഓഫീസർ കെ ജ്യോതി എന്നിവർ സംസാരിച്ചു.