കണ്ണവം ഗവ ട്രൈബൽ യു പി  സ്‌കൂളിലെ ഒന്നാം ക്ലാസുകാരൻ സൂര്യാംശിന് പൂരിയും കടലയുമാണ് ഇഷ്ടം. എന്നാൽ ഏഴാം ക്ലാസുകാരി അഭിരാമിക്ക് സ്‌കൂളിലെ ദോശയും കടലക്കറിയുമാണ് ഏറെ ഇഷ്ടം. കൂട്ടുകാർക്കൊപ്പമിരുന്നാൽ കൂടുതൽ പുട്ട് കഴിക്കാൻ കഴിയുമെന്നാണ് അഭിജിന്റെ വാദം. രാവിലെ ഭക്ഷണം കഴിക്കാതെ സ്‌കൂളിലെത്തുന്ന കൊച്ചു കുട്ടികൾക്കായി പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കുകയാണ് പാട്യം പഞ്ചായത്ത്.

പാട്യം പഞ്ചായത്തിലെ ഏക ട്രൈബൽ യു പി സ്‌കൂളാണ് കണ്ണവം. ഇവിടത്തെ കുഞ്ഞുങ്ങൾ  ഇപ്പോൾ പ്രാതൽ കഴിക്കാതെ വിശന്നിരിക്കാറില്ല. പഞ്ചായത്ത് എസ് ടി പദ്ധതിയുടെ ഭാഗമായാണ് പ്രഭാത ഭക്ഷണ വിതരണ പരിപാടി നടപ്പിലാക്കുന്നത്. ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

രാവിലെ ഒമ്പത് മണി മുതൽ 9.30 വരെയാണ് പ്രഭാത ഭക്ഷണം നൽക്കുക. കണ്ണവം കോളനിയിലെ 13ാം വാർഡിലെ വഴിത്താര കുടുംബശ്രീ പ്രവർത്തകരാണ് ഭക്ഷണം ഉണ്ടാക്കി സ്‌കൂളിൽ എത്തിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരും അധ്യാപകരും കൂടെയാണ് ഭക്ഷണം വിളമ്പി നൽകുന്നത്. അതിനു ശേഷമാണ് പ്രാർഥന.

ഒരു കുട്ടിക്ക് 20 രൂപ നിരക്കിലാണ് തുക വകയിരുത്തിയത്. ദോശ, ഇഡ്ഡലി, പത്തൽ, ഉഴുന്നുവട തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ. ഒപ്പം കടലക്കറി, സാമ്പാർ, മസാലക്കറി, ചട്നി എന്നിവയും ലഭിക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പോഷകസമൃദ്ധമായ ഭക്ഷണമാണ് നൽകുന്നതെന്ന് സ്‌കൂൾ ഹെഡ് മാസ്റ്റർ എ പി രാജേഷ്  പറഞ്ഞു.

അതിരാവിലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ പ്രയാസമുള്ള കുട്ടികൾക്ക് പദ്ധതി ഏറെ ഗുണകരമാണെന്നും, ഭാവിയിൽ പദ്ധതി കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ പറഞ്ഞു.