വര്‍ണം വിതറി പാറി നടക്കുന്ന ചിത്രശലഭങ്ങളെപ്പോലെ പ്രിയദര്‍ശിനി ബഡ്സ് സ്‌കൂളിലെ കുരുന്നുകള്‍ ഹൃദയം കീഴടക്കുകയാണ്. കലാ കായിക മേഖലയില്‍ മികവ് തെളിയിക്കുന്നതിനൊപ്പം സ്വയംപര്യാപ്തയുടെ പാഠങ്ങളും പകരുകയാണ് ഈ മിടുമിടുക്കര്‍. ചവിട്ടി നിര്‍മാണവും പേപ്പര്‍ പേന നിര്‍മാണവും കുട നിര്‍മാണവുമൊക്കെയായി സജീവമാണ് കുമളി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വെള്ളാരംകുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ബഡ്സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കേരളത്തിലെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ പ്രയത്‌നങ്ങളില്‍ മികച്ച ചുവടുവയ്പ്പായിരുന്നു കുടുംബശ്രീ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ആരംഭിച്ച ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍. ഇടുക്കി ജില്ലയിലെ ആദ്യത്തെ ബഡ്സ് സ്‌കൂളായ പ്രിയദര്‍ശിനി ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തന മികവിനാല്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.
2013 ജനുവരി 23 നാണ് 10 കുട്ടികളുമായി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പത്തുവര്‍ഷം കൊണ്ട് സമീപ പഞ്ചായത്തുകളായ വണ്ടിപ്പെരിയാര്‍, ചക്കുപള്ളം എന്നിവിടങ്ങളില്‍ നിന്ന് കൂടി കുട്ടികള്‍ എത്തുന്ന രീതിയിലേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം വളര്‍ന്നു. വെള്ളാരംകുന്നിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ബഡ്സ് സ്‌കൂളില്‍ നിലവില്‍ 60 വിദ്യാര്‍ഥികളാണ് പരിശീലനം നേടുന്നത്.
കുമളി ഗ്രാമപഞ്ചായത്തിന്റെ കരുതല്‍
പ്രിയദര്‍ശിനിയിലെ കുരുന്നുകള്‍ക്ക് പുത്തന്‍ ലോകം ഒരുക്കുന്നതിന് കുമളി ഗ്രാമപഞ്ചായത്ത് മുന്‍കൈ എടുത്തത് സ്‌കൂളിനെയും കുട്ടികളെയും മികവിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വഴിതുറന്നു. കുട്ടികളുടെ ക്ഷേമത്തിന് ഒരു അധ്യാപികയുടെയും ഒരു നൃത്ത അധ്യാപികയുടെയും രണ്ട് ഹെല്‍പ്പര്‍മാരുടെയും രണ്ട് ഡ്രൈവര്‍മാരുടെയും ഒരു ബാന്‍ഡ് അധ്യാപകന്റെയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. മുഴുവന്‍ പേര്‍ക്കും ശമ്പളം നല്‍കുന്നത് ഗ്രാമപഞ്ചായത്താണ്.
വിദ്യാര്‍ഥികളുടെ സുഗമവും സുരക്ഷിതവുമായ യാത്രയ്ക്ക് സ്‌കൂളില്‍ രണ്ട് ബസുകളാണുള്ളത്. കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും സ്‌കൂളില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പൂര്‍ണ്ണമായ ചെലവും വഹിക്കുന്നത് പഞ്ചായത്താണ്. കൂടാതെ ഓരോ വര്‍ഷവും കുട്ടികള്‍ക്ക് രണ്ട് ജോഡി വീതം യൂണിഫോമും പഞ്ചായത്ത് സൗജന്യമായി നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫണ്ട് ഉപയോഗിച്ച് കുട്ടികള്‍ക്കായി ഡ്രംസും ബാന്‍ഡ് സെറ്റും ലഭ്യമാക്കാന്‍ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞു. എല്ലാ വിശേഷദിവസങ്ങളും കുട്ടികള്‍ക്കൊപ്പം ചെലവഴിക്കുന്നതിനും ഭരണസമിതി ശ്രദ്ധ ചെലുത്തുന്നു.
കുടുംബശ്രീ ബഡ്സ് ഉപജീവന പദ്ധതി
കുടുംബശ്രീ ബഡ്സ് ഉപജീവന പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന സ്‌കൂളുകളില്‍ ഒന്നാണ് പ്രിയദര്‍ശിനി. കുടുംബശ്രീ ബഡ്‌സ് ലൈവ്‌ലി ഹുഡ് പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ കുട്ടികള്‍ക്കായി കുടുംബശ്രീയില്‍ നിന്നും രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ചവിട്ടി നിര്‍മ്മാണത്തിനുള്ള മെഷിന്‍ വാങ്ങിനല്‍കി. തുണി കൊണ്ട് ചവിട്ടി നിര്‍മ്മിക്കുന്നതിന് മൂന്ന് മെഷിനുകളാണ് ഇവിടെ ഉള്ളത്. കൂടാതെ മെഷിന്‍ സഹായമില്ലാതെ തുണികളും സൂചിയും ഉപയോഗിച്ചും ചവിട്ടികള്‍ നിര്‍മ്മിക്കുന്നുണ്ട്. കുട്ടികള്‍ നിര്‍മ്മിക്കുന്ന ചവിട്ടി കുടുംബശ്രീ വില്‍പന നടത്തി ലാഭം കുട്ടികള്‍ക്ക് തന്നെ നല്‍കിവരുന്നു.
കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിന് താങ്ങും തണലുമായി അധ്യാപകരും പഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീയും ഒപ്പമുണ്ട്. ചവിട്ടി നിര്‍മ്മാണം കൂടാതെ അച്ചാര്‍ നിര്‍മ്മാണം, പേപ്പര്‍ പേന, സോപ്പ് ഓയില്‍, സോപ്പ് പൗഡര്‍ എംപോസിംഗ് പെയിന്റ് എന്നിങ്ങനെ വൊക്കേഷണല്‍ ട്രെയിനിങ്ങുകളും ബഡ്സ് സ്‌കൂളില്‍ നല്‍കുന്നുണ്ട്. കുട നിര്‍മ്മാണ യൂണിറ്റും പ്രിയദര്‍ശിനി ബഡ്സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു.
വിവിധ മേളകളില്‍ കുട്ടികളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പഞ്ചായത്ത് അവസരം ഒരുക്കുന്നു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി എന്‍സിഇആര്‍ടിയുടെ കരിക്കുലം അടിസ്ഥാനമാക്കി ട്രെയിനിങ്ങും നല്‍കി വരുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും എല്ലാ മേഖലയിലും പരിശീലനം നല്‍കുന്നതിനൊപ്പം ഓരോരുത്തര്‍ക്കും താല്പര്യമുള്ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായും അധ്യാപിക ഷൈബന്‍ സജി പറഞ്ഞു.
മികവ് തെളിയിച്ച് വിദ്യാര്‍ഥികള്‍
ബഡ്സ് പരിശീലനാര്‍ഥികളുടെ മാനസിക വളര്‍ച്ചയ്ക്ക് തുണയാകുന്നതിനായി കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നതില്‍ ഏറെ മുന്നിലാണ് പ്രിയദര്‍ശിനി ബഡ്സ് സ്‌കൂള്‍. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കലാകായിക രംഗങ്ങളിലെ മികവ് പ്രകടിപ്പിക്കുന്നതിന് ഇവിടുത്തെ കുട്ടികള്‍ക്ക് കഴിഞ്ഞു. ജില്ലാതലത്തില്‍ ബഡ്‌സ് ഫെസ്റ്റില്‍ ഒന്നാം സ്ഥാനം സ്‌കൂള്‍ കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ നാടോടി നൃത്തത്തില്‍ ദീപ എ രണ്ടാം സ്ഥാനവും, എംപോസിംഗ് പെയിന്റിങ്ങില്‍ സുധീഷ് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അഴുത ബ്ലോക്കില്‍ നടന്ന ഭിന്നശേഷി കലോത്സവത്തില്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ഓരോ അവസരവും കുട്ടികളില്‍ വലിയ പ്രതീക്ഷകള്‍ സമ്മാനിക്കുകയാണ്. വിവിധ പ്രവര്‍ത്തങ്ങളിലൂടെ മികവിന്റെ പാതയില്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കാന്‍ കുട്ടികള്‍ക്ക് അത് ഊര്‍ജ്ജം പകരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്ഥാപനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്. ബുദ്ധിപരമായ ബലഹീനതകള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന വലിയ ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ളത്. ശലഭങ്ങളായി ചിറക് വിരിച്ച് പാറിപറക്കാന്‍ അവസരങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം സജ്ജമാകുമ്പോള്‍ സമൂഹത്തിന് പുത്തന്‍ ഉണര്‍വാണ് അത് പകരുന്നത്.