അടിമാലി കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണച്ചന്തക്ക് തുടക്കമായി. അടിമാലി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്ത് ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 28 വരെയാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക. കര്‍ഷകരില്‍ നിന്ന് നേരിട്ടും ഹോര്‍ട്ടികോര്‍പ്പ് വഴിയും സംഭരിക്കുന്ന പച്ചക്കറികളാണ് ചന്തയിലൂടെ വിറ്റഴിക്കുന്നത്. ഓണച്ചന്തയില്‍ പച്ചക്കറികള്‍ക്ക് വിപണി വിലയേക്കാള്‍ 10 മുതല്‍ 30 ശതമാനം വരെ വിലക്കുറവുണ്ട്.
നാടന്‍ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നിലവിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികം നല്‍കിയും ഗുണമേന്മയുള്ള ജൈവപച്ചക്കറികള്‍ക്ക് 20 ശതമാനം വില അധികം നല്‍കിയുമാണ് സംഭരിക്കുന്നത്. എല്ലാ ഗ്രാമപഞ്ചായത്തിലും കൃഷിഭവനുകളുടെ നേതൃത്വത്തില്‍ ഓണച്ചന്തകള്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയാണ് ഓണച്ചന്തയുടെ പ്രവര്‍ത്തന സമയം.
ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ കൃഷ്ണ മൂര്‍ത്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫീസര്‍ ഷിജി എം എ, കൃഷി വകുപ്പ് ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ആഷ്‌ലി ജോര്‍ജ്, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.