കുമളി ഗ്രാമപഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പീരുമേട് താലൂക്ക് തല ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി. സാംസ്കാരിക ഘോഷയാത്രയ്ക്ക് ശേഷം കുമളി പൊതുവേദിയിൽ നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീർണാകുന്നേൽ ഉദ്ഘാടനം ചെയ്തു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സെപ്റ്റംബർ മൂന്നു വരെ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി താലൂക്ക് തലത്തിൽ വിവിധ കലാ മത്സരങ്ങൾ, കലാപരിപാടികൾ, അത്തപ്പൂക്കള മത്സരം, അഖില കേരള വടംവലി മത്സരം, കബഡി ടൂർണമെന്റ്, ഫുട്ബോൾ മത്സരം തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നോളി ജോസഫ്, വി സി ചെറിയാൻ, സുലുമോൾ എംഎൽ, രമ്യ മോഹൻ, ജിജോ രാധാകൃഷ്ണൻ, വിനോദ് ഗോപി, ശാന്തി ഷാജിമോൻ, ജയമോൾ മനോജ്, ടി എസ് പ്രദീപ്, വി കെ ബാബുക്കുട്ടി, വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വർണ്ണാഭമായ സാംസ്കാരിക റാലിയോടെ തുടക്കം
പീരുമേട് താലൂക്ക് തല ഓണം ടൂറിസം വാരാഘോഷത്തിന് മാറ്റുകൂട്ടി സാംസ്കാരിക റാലി. ഹോളിഡേ ഹോം പരിസരത്തുനിന്ന് ആരംഭിച്ച സാംസ്കാരിക റാലി കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ കലാരൂപങ്ങളും ഫ്ലോട്ടുകളും വാദ്യമേളങ്ങളും അണിനിരന്ന റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
തെയ്യം, കളരിപയറ്റ്, പുലികളി തുടങ്ങി വിവിധ കലാരൂപങ്ങളും മാവേലി, വാമനൻ, പ്രച്ഛന്ന വേഷങ്ങളും, ഫ്ലോട്ടുകളും കാണികളുടെ ശ്രദ്ധ ആകർഷിച്ചു. സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത മികച്ച ഫ്ലോട്ടുകൾക്കും മാവേലിക്കും ഏറ്റവും കൂടുതൽ ബഹുജന പങ്കാളിത്തവും കലാരൂപങ്ങളുമുള്ള സംഘടനകൾക്കും പ്രത്യേകം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സമാപന ദിനം റാലിയിൽ പങ്കെടുത്ത ഫ്ലോട്ടുകൾക്ക് 7501, 5001, 3001 എന്നിങ്ങനെ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ ക്യാഷ് അവാർഡുകൾ സമ്മാനിക്കും. റാലിയിൽ പങ്കെടുത്ത മാവേലി മന്നൻ വേഷധാരികളിൽ മികച്ച മാവേലിക്ക് 5001 രൂപ സമ്മാനം നൽകും. ഏറ്റവും കൂടുതൽ ബഹുജന പങ്കാളിത്തവും കലാരൂപങ്ങളും ഉള്ള സംഘടനകൾക്ക് 7501, 5001, 3001 എന്നിങ്ങനെ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ ക്യാഷ് അവാർഡുകൾ സമ്മാനിക്കും.