ഓണം ടൂറിസം വാരാഘോഷം ഏറ്റെടുത്ത് മൂന്നാർ. ദേവികുളം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഓണാഘോഷം നാടെങ്ങും ഉത്സവ പ്രതീതി ഉണർത്തി.
മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സതീഷ് കുമാർ അധ്യക്ഷത വഹിച്ച സമ്മേളനം അഡ്വ. എ രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ ഉത്സവങ്ങളും ആഘോഷങ്ങളും തിരിച്ചു വരികയാണെന്നും കൂടി ചേരലിന്റെയും ഒത്തൊരുമയുടെയും നാളുകളാണ് ഓണം സമ്മാനിക്കുന്നതെന്നും എം എൽ എ പറഞ്ഞു.

വിപുലമായ പരിപാടികളോടെയാണ് ഡിറ്റിപിസിയുടെയും മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ദേവികുളം മണ്ഡലതല ഓണം വാരാഘോഷം സംഘടിപ്പിച്ചത്. ആദ്യ ദിനത്തിൽ നടത്തിയ മെഗാ പൂക്കള മത്സരം ആവേശം നിറച്ചു. വിവിധ മത്സരങ്ങളായ നാടന്‍പാട്ട്, ഓണപാട്ട്, സുന്ദരിക്ക് പൊട്ടുകുത്തല്‍, പുഞ്ചിരി മത്സരം, വടം വലി , കമുകിൽ കയറ്റം തുടങ്ങിയ മത്സരങ്ങളും രണ്ട് ദിവസങ്ങളിലായി നടന്നു. വർണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

മൂന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജേന്ദ്രൻ ,ജില്ലാ പഞ്ചായത്ത് അംഗം ഭവ്യ കണ്ണൻ, സിഡിഎസ് ചെയർപേഴ്സൺ ഹേമലത രാജ്കുമാർ , ഡിറ്റിപിസി ഗവേണിംഗ് ബോർഡ് അംഗം ചാണ്ടി അലക്സാണ്ടർ ,ഡിറ്റിപിസി മൂന്നാർ മാനേജർ റോയി ജോസഫ്,മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു