കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹരിത സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും ശുചിത്വ ശില്‍പശാലയും നടത്തി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം എം. പത്മിനി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ക്ലീന്‍ കൊടുമ്പ് ഗ്രീന്‍ കൊടുമ്പ് ജനകീയ ക്യാമ്പയിനിലൂടെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ ജനകീയ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണം നടന്നു.

സാമ്പിള്‍ സര്‍വ്വേകളിലൂടെയും സ്വയം വിലയിരുത്തല്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, ഫീല്‍ഡ് സന്ദര്‍ശനം, രേഖകളുടെ പരിശോധന തുടങ്ങിയ ജനകീയ പ്രക്രിയകളിലൂടെയും തയ്യാറാക്കിയ ജനകീയ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്.

ഓണത്തോടനുബന്ധിച്ച് കൊടുമ്പ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് തല വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കടകളില്‍നിന്നും 30 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളായ ഗ്ലാസുകള്‍, പ്ലേറ്റുകള്‍, പേപ്പറിലകള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ കണ്ടെത്തി 7500 രൂപ പിഴ ഈടാക്കി.

പരിപാടിയില്‍ ഹരിത ഓഡിറ്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി സഹദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷനായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് എം. ശാന്ത, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ഗുരുവായൂരപ്പന്‍, അസിസ്റ്റന്റ് സെക്രട്ടറി എ. അജിത, വി.ഇ.ഒ അനുഷ, ഹരിത ഓഡിറ്റ് ടീം അംഗം ആനന്ദ ശിവരാമന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലെ സാമൂഹ്യ അധിഷ്ഠിത സംഘടനകള്‍, സിവില്‍ സമൂഹ്യ സംഘടനകള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, പാടശേഖര സമിതി അംഗങ്ങള്‍, പി.ടി.എ. അങ്കണവാടി പ്രവര്‍ത്തകര്‍, ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, വാര്‍ഡ് തല ശുചിത്വ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 70 പേര്‍ പങ്കെടുത്തു.