സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ശ്രാവണപൊലിമ സമാപിച്ചു. രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഓണമുണ്ണുമ്പോൾ കേരളക്കരയ്ക്ക് ഓണമൊരുക്കുന്ന കർഷകനെയും മലയാളികൾ സ്മരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ഡി പ്രസേനൻ എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ പ്രോഗ്രാം കൺവീനർ ടി.ആർ അജയൻ, പിന്നണി ഗായകനും സംഗീതജ്ഞനുമായ കെ.എൽ ശ്രീരാം, ചെറുപ്പളശ്ശേരി നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥിയായി. പരിപാടിയിൽ എ.ഡി.എം കെ. മണികണ്ഠൻ, ഡിടിപിസി സെക്രട്ടറി ഡോ. സിൽബർട്ട് ജോസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിൽ ബേബീസ് കലാസമിതി അവതരിപ്പിച്ച കണ്യാര്‍കളി, സ്വരലയ പാലക്കാട് അവതരിപ്പിച്ച ശ്രാവണ സംഗീതം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിൽ എന്‍.ഡബ്ല്യു ക്രിയേഷന്‍സിന്റെ മെഗാഷോ, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കിൽ, ഗൗരി ക്രിയേഷന്‍സിന്റെ മ്യൂസിക് ഫ്യൂഷന്‍, ചിറ്റൂര്‍ മോഹനന്റെയും സംഘത്തിന്റെയും നാടന്‍പാട്ട്, മലമ്പുഴ ഉദ്യാനത്തിൽ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഓട്ടന്‍ തുള്ളല്‍, സപ്തസ്വരം ഓര്‍ക്കസ്ട്ര അവതരിപ്പിച്ച മെലോഡീയസ് ഹിറ്റ്‌സ്, കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ മലപ്പുറം എംഫോര്‍ മ്യൂസിക് ബീറ്റ്സിന്റെ കോമഡി ഷോ ആന്‍ഡ് ഗാനമേള എന്നിങ്ങനെ ജില്ലയിൽ ആറിടങ്ങളിലായി വിവിധ പരിപാടികൾ അരങ്ങേറി.