കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണം വിപണന മേളയില്‍ ജില്ലയില്‍ 73,83,493 രൂപയുടെ വിറ്റുവരവ്. കഴിഞ്ഞവര്‍ഷം 54 ലക്ഷം രൂപയാണ് വിറ്റുവരവായി ലഭിച്ചത്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയിലൂടെ മാത്രം 25,67,520 രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.

ജില്ലയില്‍ 97 സി.ഡി.എസുകളിലായി 1091 മൈക്രോ സംരംഭങ്ങളും 688 ജെ.എല്‍.ജി യൂണിറ്റുകളും വിപണന മേളയില്‍ എത്തിയിരുന്നു. ആഗസ്റ്റ് 21 മുതല്‍ 27 വരെയാണ് മേള സംഘടിപ്പിച്ചത്. വിഷരഹിത പച്ചക്കറികള്‍, കൈത്തറി വസ്ത്രങ്ങള്‍, മുള ഉത്പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ ഉത്പന്നങ്ങള്‍ വിപണനത്തിനെത്തിയിരുന്നു.

പൊതുജനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, വിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഓണം വിപണന മേളകള്‍ സംഘടിപ്പിച്ചത്.