ജില്ലാ പഞ്ചായത്തിന്റെ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കുളള പരിശീലനം ആരംഭിച്ചു. കൊടക്കാട് കദളീവനത്തില്‍ നടക്കുന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ അധ്യക്ഷന്‍മാര്‍ക്കാണ് പരിശീലനം. രണ്ട് ദിവസത്തെ പരിശീലനത്തിലൂടെ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയെ കുറിച്ചും പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ചും ജനപ്രതിനിധികളെ ബോധവാന്മാരാക്കും. ഡിജിറ്റല്‍ സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ച് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ കെ.ജി.ഒലീന മുഖ്യപ്രഭാഷണം നടത്തി. കൈറ്റ് അധ്യാപകരായ കെ.ശങ്കരന്‍, റോജി ജോസഫ്, എം.വി.മനോജ് കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ക്ലാസുകള്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.
സെപ്തംബര്‍ ആദ്യവാരം ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ക്ലാസുകള്‍ ആരംഭിക്കാന്‍ പരിശീലനത്തില്‍ തീരുമാനിച്ചു. 30 മുതല്‍ 60 വരെ പ്രായമുള്ളവരില്‍ ഒന്നരലക്ഷത്തോളം പേരെ ഡിജിറ്റല്‍ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ ഓരോ വാര്‍ഡുകളിലുമായി അഞ്ച് ക്ലാസുകളില്‍ കുറയാതെ 3500 സ്ഥലങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, ജില്ലാ സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി കോര്‍ഡിനേറ്റര്‍ പി.രവീന്ദ്രന്‍, ജില്ലാ സാക്ഷരത സമിതി അംഗങ്ങളായ പപ്പന്‍ കുട്ടമത്ത,് കെ.വി.വിജയന്‍, റിസോഴ്സ് പേഴ്സണ്‍ വി.മനോഹരന്‍ എന്നിവര്‍ ആദ്യ ദിവസത്തെ പരിശീലനത്തിന് നേതൃത്വം കൊടുത്തു. പരിശീലനം ശനിയാഴ്ചയും തുടരും.