ഡിടിപിസിയും ജില്ലാ ഭരണകൂടവും ചേര്‍ന്നു നടത്തിയ ഓണാഘോഷത്തിന് സമാപനമായി. ആഗസ്റ്റ് 28ന് കാസര്‍കോട് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷത്തിന് തുടക്കമിട്ടത്. സമാപന സമ്മേളനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബില്‍ ടെക് അബ്ദുള്ള അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം എം.ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് സ്വാഗതവും എ.റ്റി.ഐ.ഒ, ടൂറിസം കെ.നിസാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കാലിച്ചാനടുക്കം ദ്രാവിഡ കലാസമിതിയുടെ എരുത്കളി, കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ തെയ്യാട്ടം, ഇരുളാട്ടം, കേരള സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് കാസര്‍കോടിന്റെ നാടന്‍പ്പാട്ടുകള്‍ എന്നിവ നടന്നു.
ആവേശമായി വടംവലി മത്സരം ; സ്‌പോര്‍ട്ട്‌സ് സെന്റര്‍ ബാനം ജേതാക്കള്‍
വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ വടംവലി അസോസിയേഷനും ഓണാഘോഷത്തോടനുബന്ധിച്ച് സംയുക്തമായി കാഞ്ഞങ്ങാട്ട് നടത്തിയ വടംവലി മത്സരത്തില്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ ബാനം ജേതാക്കളായി. ജിംഖാന മാവുങ്കാല്‍ രണ്ടാം സ്ഥാനം നേടി. കൊസാംബി ബേത്തൂര്‍പാറ, യൂണിറ്റഡ് വാര്യര്‍ നീലേശ്വരം യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. മത്സരം ഹോസ്ദുര്‍ഗ് എസ്.ഐ. കെ.രാജീവന്‍ ഉദ്ഘാടനം ചെയ്തു .വിജയികള്‍ക്ക് 13,001, 10,001, 5,001, 2001 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.