കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം നിലനിർത്തുന്നതിൽ ഓണാഘോഷങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാതല ഓണം ടൂറിസം വാരാഘോഷ സമാപന സമ്മേളനം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര കാഴ്ചപ്പാടുകൾക്ക് ഇടിവുണ്ടാകാതെ സൂക്ഷിക്കാൻ കരുതലോടെ മുന്നോട്ടുപോകേണ്ട സാഹചര്യമാണ് ഉള്ളത്. ഇടുക്കിയെ സംബന്ധിച്ചിടത്തോളം ജില്ല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനസർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ഭൂഭേദഗതി ബിൽ ഓണത്തിന് ലഭിച്ച ഇരട്ടിമധുരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ആഗസ്റ്റ് 26 മുതൽ 5 നിയോജക മണ്ഡലങ്ങളിലായി നടന്ന ഓണാഘോഷ പരിപാടികൾക്കാണ് സമാപനമായത്.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലേഖ ത്യാഗരാജൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സിനിമ താരം സാജു നവോദയ മുഖ്യതിഥിയായി. പരിപാടിയുടെ സംഘാടകസമിതി വർക്കിംഗ് ചെയർമാൻ എം എസ് മഹേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നിയോജകമണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അതിവിപുലമായ ഓണാഘോഷ പരിപാടികളാണ് കഴിഞ്ഞ ഒരാഴ്ച കാലം ജില്ലയിലുടനീളം സംഘടിപ്പിച്ചത്.
ഉടുമ്പൻചോല മണ്ഡലത്തിലെ ഓണഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച വർണ്ണാഭമായ സാംസ്കാരിക റാലിയോടെയാണ് ഓണോത്സവം 2023 ന് പരിസമാപ്തിയായത്. ഉടുമ്പൻചോല മണ്ഡലതലത്തിൽ ഓണോത്സവത്തിന്റെ ഭാഗമായി നടത്തിയ അത്തപൂക്കള മത്സരം, അഖില കേരള ഗുസ്തി മത്സരം, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം യോഗത്തിൽ വെച്ച് നടത്തി.

ഓണോത്സവം 2023 ന്റെ സമാപനത്തിന് മിഴിവേകി സാംസ്കാരിക റാലി

ഉടുമ്പൻചോല മണ്ഡലതല ഓണഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ സാംസ്‌കാരിക റാലി ഓണോത്സാവം 2023 ന്റെ സമാപനത്തിന് കൂടുതൽ മിഴിവേകി. കഴിഞ്ഞ ഒരാഴ്ചകാലം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് വിടപറയുമ്പോഴും പ്രൗഢി ഒട്ടും കുറയ്ക്കാൻ നാട്ടുകാർ തയ്യാറായിരുന്നില്ല. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലിയിൽ 500 ലധികം ആളുകളാണ് പങ്കെടുത്തത്. ഒപ്പം താളത്തിൽ ചുവട് വെച്ചെത്തിയ കുട്ടികളുടെയും മുതിർന്നവരുടെയും പുലികളിയും നാസിക് ഡോലും റാലിയുടെ മാറ്റ് കൂട്ടി.

കിഴക്കേകവലയിൽ അവസാനിച്ച റാലിയിൽ തെയ്യം, ഗരുഡനാട്ടം, മയിലാട്ടം, ഓട്ടംതുള്ളൽ തുടങ്ങിയ വിവിധ കലാരൂപങ്ങളുടെ അവതരണവും ശ്രദ്ധേയമായി. സമാപന സമ്മേളന വേദിക്ക് മുൻപിൽ വാദ്യമേളം, നാസിക് ഡോൽ, ബാൻഡ് എന്നിവയുടെ വാശിയേറിയ മത്സരവും സംഘടിപ്പിച്ചു. തുടർന്ന് മത്സരത്തിൽ വിജയിച്ചവർക്കും മികച്ച മാവേലിക്കുമുള്ള പുരസ്കാരവും ക്യാഷ് അവാർഡും നൽകി. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.