ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ കോള്‍ പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന പ്രവൃത്തി സെപ്റ്റംബര്‍ അഞ്ചു വരെ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ അറിയിച്ചു. മഴ കുറഞ്ഞതിനാല്‍ ചിമ്മിനി ഡാമിലെ ജലനിരപ്പില്‍ കാര്യമായ തോതില്‍ കുറവ് വന്നിട്ടുള്ളതായി ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിലാണ് നടപടി.
കോള്‍ മേഖലയിലെ ജലം ക്രമീകരിച്ച് കൃഷിക്കായി ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമായതിനാല്‍ നിലവില്‍ ഏനാമാവ് ഷട്ടര്‍ തുറക്കാന്‍ കഴിയില്ല. കോള്‍ മേഖലയിലെ വെള്ളം പമ്പ് ചെയ്തു വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് ശേഷം റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ കോള്‍ ഉപദേശക സമിതിയുടെ അടിയന്തര യോഗം ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുവരെ കോള്‍ മേഖലയിലെ വെള്ളം പമ്പ് ചെയ്തു വറ്റിക്കുന്ന പ്രവൃത്തി അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.