കുറ്റ്യാടി തളീക്കരയിലെ ജാതിയൂർ മഠം ക്ഷേത്രത്തിന്റെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കുമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജാതിയൂർ ക്ഷേത്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുരാരേഖ വകുപ്പ് ക്ഷേത്രത്തിന്റെ  പൗരാണിക സ്ഥിരീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ ഭാഗമായ അമ്പലക്കുളം നവീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ദേവസ്വം, ടൂറിസം,ഇറിഗേഷൻ വകുപ്പുകളുടെ  സഹായ സഹകരണങ്ങൾ ലഭ്യമാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ ആരാധനാലയങ്ങളെയും ബഹുമാനിക്കണമെന്നും എല്ലാ ജാതി മതങ്ങളും യോജിപ്പിന്റെ പരമാവധി ഇടങ്ങളിൽ ചേർന്ന് നിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിൽ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ അധ്യക്ഷത വഹിച്ചു.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സുബ്രഹ്മണ്യൻ നായർ മുഖ്യാതിഥിയായി. കായക്കൊടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത മുരളി, വാർഡ് മെമ്പർ ലത്തീഫ് എന്നിവർ സംസാരിച്ചു. കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ നാരായണൻ സ്വാഗതം പറഞ്ഞു. ക്ഷേത്രവും പരിസരവും കുളവുമെല്ലാം കണ്ട ശേഷമാണ് മന്ത്രി മടങ്ങിയത്.