സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളും ക്ഷേമപദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് പേർക്ക് 20,000 രൂപ, ഏഴ് പേർക്ക് ഇലക്ട്രോണിക് വീൽ ചെയർ, മൂന്ന് പേർക്ക് കൃത്രിമക്കാൽ, അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. ആകെ 13 ലക്ഷം രൂപയുടെ സഹായങ്ങളാണ് നൽകിയത്.

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം വി ജയഡാളി, സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ഒ വിജയൻ, സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ടി ജയകുമാർ സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻ കുട്ടി, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ തുടങ്ങിയവർ സംസാരിച്ചു.