നാടെങ്ങും ഓണാഘോഷങ്ങള്‍ സജീവമായപ്പോള്‍ ഓണാഘോഷത്തിനു ടെക്‌നോളജിക്കല്‍ ട്വിസ്റ്റിലൂടെ വേറിട്ടൊരു മാനം നല്‍കിയിരിക്കുകയാണ് ജില്ലയിലെ 120 ഗവണ്‍മെന്റ് എയിഡഡ് ഹൈസ്‌കൂളുകളിലായി പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബിലെ അംഗങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പോണം എന്ന പേരിലുള്ള സ്‌കൂള്‍ തല ക്യാമ്പിലൂടെയാണ് കുട്ടികള്‍ ഓണത്തിന് ഒരു സാങ്കേതിക മാനം നല്‍കിയത്. ഓണം പ്രൊമോ വീഡിയോകള്‍, ആനിമേഷനുകള്‍, ഇന്ററാക്ടീവ് ഗെയിമുകള്‍ എന്നിവയുടെ നിര്‍മ്മാണമാണ് കുട്ടികള്‍ ക്യാമ്പോണം ക്യാമ്പിലൂടെ സ്വായത്തമാക്കിയത്.

ഓണത്തിന്റെ താളം

സ്‌ക്രാച്ച് സോഫ്റ്റ്‌വെയറിലെ റിഥം കമ്പോസറിന്റെ സഹായത്തോടെ ഓണത്തിന്റെ താളം രചിച്ചാണ് ക്യാമ്പിന് തുടക്കമായത്. ആഘോഷത്തിന്റെ ആവേശം പകരുന്ന ബീറ്റുകള്‍ കുട്ടികള്‍ സ്വന്തമായി രചിച്ചു പരിശീലിച്ചു. സോഫ്റ്റ്‌വെയറിന്റെ വൈദഗ്ധ്യവും കലാപരമായ ആവിഷ്‌കാരത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള അവയുടെ കഴിവും ഇവിടെ കൂടുതല്‍ പ്രകടമായി.

പൂക്കളം നിറഞ്ഞു; സാങ്കേതികതയിലൂടെ…

വര്‍ണ്ണാഭമായ പൂക്കളങ്ങള്‍ ഓണക്കാലത്ത് കേരളത്തെ ധന്യമാക്കാറുണ്ട്. ഈ പാരമ്പര്യം ഡിജിറ്റല്‍ യുഗത്തിന് നഷ്ടമാകുന്നില്ലെന്ന് ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പോണം സ്‌കൂള്‍ തല ക്യാമ്പുകള്‍ ഉറപ്പാക്കി. സ്‌ക്രാച്ച് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പൂക്കളം നിറക്കല്‍ ഗെയിം സ്വന്തമായി നിര്‍മ്മിക്കാന്‍ അംഗങ്ങള്‍ പരിശീലിച്ചു. സാമ്പ്രദായിക ആവേശത്തിനു ഒരു സമകാലിക സാങ്കേതിക ട്വിസ്റ്റാണ് കുട്ടികള്‍ ഇവിടെ കൂട്ടിച്ചേര്‍ത്തത്.

ഓണ വരകള്‍ക്ക് ജീവന്‍ വെച്ച നിമിഷങ്ങള്‍

ഓപ്പണ്‍ സോഴ്‌സ് ആനിമേഷന്‍ സോഫ്റ്റ്‌വെയറായ ഓപ്പണ്‍ ടൂണ്‍സ്, ക്യാമ്പിലെ ലിറ്റില്‍ കൈറ്റ്‌സിന്റെ വളര്‍ന്നുവരുന്ന ആനിമേറ്റര്‍മാരുടെ ക്യാന്‍വാസായി മാറി. ഓണത്തിന്റെ ചടുലതയും സൗന്ദര്യവും പകര്‍ത്തുന്ന ആകര്‍ഷകമായ ആനിമേഷനുകളും പ്രമോഷണല്‍ വീഡിയോകളും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി. ഈ ഹാന്‍ഡ്ഓണ്‍ അനുഭവം അവരെ ഡിജിറ്റല്‍ കലയുടെയും കഥപറച്ചിലിന്റെയും ലോകത്തേക്ക് സാങ്കേതികതയിലൂടെ നയിച്ചു. ഒരു അവധിക്കാല ക്യാമ്പ് എന്നതിലുപരി ലിറ്റില്‍ കൈറ്റ്‌സിന്റെ ക്യാമ്പോണം പിഞ്ചു മനസ്സുകളില്‍ പാരമ്പര്യവും സാങ്കേതികവിദ്യയും തടസ്സമില്ലാതെ സമന്വയിപ്പിക്കുന്ന ഒരു വേദിയായി മാറി.

ക്യാമ്പില്‍ നിന്നും സ്വായത്തമാക്കിയ സാങ്കേതിക പരിജ്ഞാനത്തിലൂടെ വിവര വിനിമയ സാങ്കേതിക വിദ്യയുടെ അനന്തതകള്‍ കീഴടക്കാനൊരുങ്ങുകയാണ് നമ്മുടെ പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍. ഓപ്പണ്‍ സോഴ്‌സ് ടൂളുകളോടുള്ള ക്ലബ്ബിന്റെ സമര്‍പ്പണം, കേരളത്തിലെ പൊതുമേഖലാ സ്‌കൂളുകളുടെ ഏറ്റവും വിദൂര കോണുകളില്‍ പോലും എത്തിച്ചേരുന്ന വിവരസാങ്കേതികവിദ്യ ജനാധിപത്യവത്ക്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. ക്യാമ്പോണം പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ, കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിശ്ശബ്ദ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് പുതിയ തലമുറ സാങ്കേതിക വിദഗ്ദ്ധരെ വളര്‍ത്തിയെടുക്കുകയാണ് ലിറ്റില്‍ കൈറ്റ്‌സ്.

ഓപ്പണായി ഓപ്പണ്‍ സോഫ്റ്റ്‌വെയറുകള്‍

ക്യാമ്പോണം ക്യാമ്പില്‍ പരിശീലിപ്പിച്ചതു മുഴുവന്‍ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറുകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സ്‌ക്രാച്ച്, ഓപ്പണ്‍ടൂണ്‍സ് തുടങ്ങിയ ടൂളുകള്‍ ഉപയോഗിക്കുന്നതിലൂടെ സഹകരണത്തിന്റെയും അറിവ് പങ്കിടലിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണിവിടെ. സാമൂഹികസാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ തന്നെ വിപുലമായ ശ്രേണിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി വിദ്യാഭ്യാസം പ്രാപ്യമാണെന്ന് ഈ സമീപനം ഉറപ്പാക്കുന്നതായിരുന്നു ക്യാമ്പോണം സ്‌കൂള്‍ തല ക്യാമ്പുകള്‍.