കോതമംഗലത്തെ രാമല്ലൂർ – മുത്തംകുഴി റോഡ് വികസനം പുരോഗമിക്കുകയാണ്. കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ രാമല്ലൂരിൽ നിന്നും ആരംഭിച്ച് മുത്തംകുഴിയിൽ എത്തിച്ചേരുന്ന ഈ റോഡിന്റെ നവീകരണത്തിനായി അഞ്ച് കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. നിലവിൽ 3.80 മീറ്റർ മാത്രം വീതിയുള്ള റോഡാണ് ജനങ്ങളുടെ പൂർണ്ണമായ സഹകരണത്തോടെ ആറര മീറ്റർ വീതിയിൽ നവീകരിക്കുന്നത്.

റോഡ് കടന്നു പോകുന്ന മുഴുവൻ പ്രദേശങ്ങളിലും ജനങ്ങൾ സൗജന്യമായി തന്നെ ആവശ്യമായ സ്ഥലം വിട്ടു നൽകാൻ സന്നദ്ധരാവുകയായിരുന്നു. ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ഏഴ് കലുങ്കുകളും ആവശ്യമായ ഇടങ്ങളിലെല്ലാം ഡ്രൈനേജ് സംവിധാനങ്ങളും ഇന്റർ ലോക്ക് വേണ്ട സ്ഥലങ്ങളിൽ അതും പദ്ധതിയുടെ ഭാഗമായി ക്രമീകരിക്കും. സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്ങ്, ക്രാഷ് ബാരിയർ, സീബ്ര ലൈൻ, സ്റ്റഡ് അടക്കമുള്ള റോഡ് സുരക്ഷാ സംവിധാനങ്ങളും റോഡിൽ ഒരുക്കും.

വീടുകളുടെയും സ്ഥാപനങ്ങളുടെയും ചുറ്റുമതിലുകളും കെട്ടിടഭാഗങ്ങളുമെല്ലാം പൊളിച്ചുനീക്കിയാണ് എല്ലാ പ്രദേശങ്ങളിലും റോഡിന് ആറര മീറ്റർ വീതി ഉറപ്പു വരുത്തിയിട്ടുള്ളത് . നാടിനാകെ മാതൃകയാകേണ്ട റോഡ് വികസനമാണ് രാമല്ലൂർ – മുത്തംകുഴി റോഡിൽ നടക്കുന്നതെന്നും സ്ഥലം വിട്ടുനൽകിയ മുഴുവൻ പേർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.