കലാമണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ തുടരുന്നു: മന്ത്രി സജി ചെറിയാൻ
കേരള കലാമണ്ഡലത്തിൽ സർക്കാർ നടപ്പിലാക്കിയ വികസനോന്മുഖമായ നേട്ടങ്ങൾ എണ്ണമറ്റതാണെന്നും വികസനക്കുതിപ്പ് തുടരുകയാണെന്നും സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പാരമ്പര്യകലകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരങ്ങളുടെ സമർപ്പണവും നിള ക്യാമ്പസിൽ വള്ളത്തോൾ സ്മൃതി ഉദ്യാനത്തിന്റെ പൂർത്തീകരിച്ച ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒഴിഞ്ഞു കിടന്ന 45 ഓളം അദ്ധ്യാപക തസ്തികകളിൽ നിയമനം നടത്തി. ജീവനക്കാർക്ക് താമസിക്കുന്നതിന് 12 ഫ്ളാറ്റുകൾ അടങ്ങുന്ന സമുച്ചയത്തിന്റെ നിർമ്മാണം, വിദ്യാർത്ഥികൾക്ക് പുതിയ മെസ്സ് ഹാൾ, ക്യാമ്പസ്സിൽ ഹൈമാസ്റ്റ് സ്ട്രീറ്റ് ലൈറ്റുകൾ, പുതിയ നൃത്തക്കളരികൾ തുടങ്ങിയവയും ഇക്കാലയളവിൽ പൂർത്തികരിച്ചു.
കലാമണ്ഡലത്തിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന മണക്കുളം മുകുന്ദരാജയുടെ സ്മരണാർത്ഥം നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്ക്, മഹാകവി വള്ളത്തോളിന്റെ സമാധി സ്ഥിതി ചെയ്യുന്ന പഴയ കലാമണ്ഡലം ക്യാമ്പസ്സിൽ വള്ളത്തോൾ സ്മൃതി ഉദ്യാനം, അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന്റെ നവീകരണം, കാന്റിൻ കഫ്ത്തീരിയ കെട്ടിട നിർമ്മാണം, വുമൺ അമിനിറ്റി സെന്റർ കം ടൂറിസ്റ്റ് വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം തുടങ്ങിയവ കലാമണ്ഡലത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിലവിലെ കലാമണ്ഡലം ക്യാമ്പസ്സിനോട് ചേർന്ന് പുതിയ യൂണിവേഴ്സിറ്റി ക്യാമ്പസ് ആരംഭിക്കുന്നതിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. ഇതിനോടനുബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രിയുമായി ചേർന്ന് ഉന്നതതല യോഗം ചേരുമെന്നും കലാമണ്ഡലത്തെ ഒരു സമ്പൂർണ കലാ-സാംസ്കാരിക സർവകലാശാലയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
വരുമാനം വർദ്ധിപ്പിക്കുന്നതിനായി ടൂറിസം മേഖലയിൽ കലാമണ്ഡലത്തെ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ തലത്തിലുള്ള കലാ-സാംസ്കാരിക വേളകളിൽ കലാമണ്ഡലത്തിന്റെ പരിപാടികൾ കൂടുതലായി ഉൾപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വള്ളത്തോൾ സ്മൃതി ഉദ്യാനത്തിന്റെ ഒന്നാം ഘട്ട നിർമ്മാണത്തിൽ നിലവിൽ ഈ ക്യാമ്പസ്സിലുള്ള കെട്ടിടങ്ങളുടെ പുനരുദ്ധാരണമാണ് നടത്തിയിട്ടുള്ളത്. 7 കളരികളും, സെമിനാർ ഹാളും നവീകരിച്ചു. ഉദ്യാനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ അടുത്ത ഘട്ടങ്ങളിലായി ആരംഭിക്കും. കലാമണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളിലും അവാർഡുകൾ നൽകാനുള്ള ഇടപെടൽ നടത്തുമെന്നും ബന്ധപ്പെട്ടവർ പ്രോപ്പോസൽ തരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വള്ളത്തോൾ നഗർ ക്യാമ്പസിൽ പുതുതായി നിർമ്മിക്കുന്ന സ്റ്റാഫ് കാന്റീൻ – കഫ്റ്റീരിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കലാമണ്ഡലം ചരിത്രവും പാരമ്പര്യവും ഉള്ള കലകളുടെ മഹത്തായ കേന്ദ്രമാണ്. കേരളത്തിന്റെ സാംസ്‌കാരിക സർവ്വകലാശാലയായി കലാമണ്ഡലത്തിലെ മാറ്റണമെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് സർക്കാരെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പഴയതിനെ വീണ്ടെടുക്കുക എന്ന പ്രക്രിയയാണ് പഴയ കലാമണ്ഡലം പുനരുദ്ധീകരിക്കുന്നതിലൂടെ നടപ്പിലാക്കുന്നത്. കലാരംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകാനും കേരളത്തിന്റ മഹത്വം വിളിച്ചോതാനും കലാമണ്ഡലത്തിന് സാധിച്ചിട്ടുണ്ട്. കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നിള ക്യാമ്പസിൽ (പഴയ കലാമണ്ഡലം) നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ പ്രൊഫസർ ഡോ. എം വി നാരായണൻ അധ്യക്ഷനായി.
കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടൻ മാരാർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, വള്ളത്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്റ് നിർമലാദേവി, രജിസ്ട്രാർ ഡോ. പി രാജേഷ് കുമാർ , ഭരണസമിതി അംഗങ്ങളായ ടി കെ വാസു, എൻ ആർ ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ, കെ രവീന്ദ്രനാഥൻ, ഡോ. പി വേണുഗോപാലൻ, കെ വി രാജാനന്ദ്, ഡെപ്യൂട്ടി രജിസ്ട്രാർ പി ആർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
2021ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയ കലാനിലയം രാഘവൻ, 2021ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം നേടിയ കാക്കയൂർ അപ്പുക്കുട്ടൻ മാരാർ, 2021ലെ കേരളീയ നൃത്ത നാട്യ പുരസ്കാരം നേടിയ കലാമണ്ഡലം കെ പി ചന്ദ്രിക, 2022ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയ കലാമണ്ഡലം രാം മോഹൻ, 2022ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം നേടിയ പുലാപ്പറ്റ ബാലകൃഷ്ണൻ, 2022ലെ കേരളീയ നൃത്തനാട്യ പുരസ്കാരം നേടിയ അരവിന്ദ് പിഷാരടി എന്നിവർക്കാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരം സമർപ്പിച്ചത്.