ഇ – ഹെൽത്ത് വഴി ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും: മന്ത്രി വീണാ ജോർജ്
ആരോഗ്യ കേന്ദ്രങ്ങളെ ഇ – ഹെൽത്ത് വഴി ബന്ധിപ്പിച്ച് രോഗികളുടെ ചികിത്സാ വിവരങ്ങൾ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്ക് ലഭ്യമാക്കി ആധുനിക സംവിധാനങ്ങളോടെ ആരോഗ്യ മേഖലയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കുടുംബ ഡോക്ടർ എന്ന നിലയിൽ പ്രവർത്തിക്കും. ജനപങ്കാളിത്തത്തോടെ 1972ൽ ആലപ്പാട് ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്ന സ്ഥലം ധനസമാഹരണം നടത്തി വിലയ്ക്ക് വാങ്ങിയ കർഷക തൊഴിലാളികൾ, ചെത്ത് തൊഴിലാളികൾ, മറ്റ് ഇടത്തരം വിഭാഗങ്ങൾ തുടങ്ങിയവരുടെ പ്രാധാന്യം ചരിത്രത്തിൽ വളരെ വലുതാണെന്നും മന്ത്രി ഓർമിപ്പിച്ചു.
ആർദ്രം മിഷനിൽ ഉൾപ്പെടുത്തി ദേശീയ ആരോഗ്യ ദൗത്യം മുഖേന 40 ലക്ഷം രൂപ ചെലവിലാണ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. ജില്ലയിൽ ഇതുവരെ 66 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും മൂന്ന് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായും ഉയർത്തി കഴിഞ്ഞു.
ചടങ്ങിൽ സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. ആരോഗ്യ കേന്ദ്ര പ്രവർത്തനങ്ങൾക്ക് കാരുണ്യ പ്രവർത്തകനായ ശശി കരുമാശ്ശേരി അഞ്ച് ലക്ഷം രൂപ ആശുപത്രിക്ക് നൽകി. ആരോഗ്യ കേരളം ജില്ലാ പ്രേഗ്രാം മാനേജർ ഡോ. സജീവ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ, ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് അമ്പിളി സുനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ ടി ബി, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് നജീബ്, ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി ആർ രമേഷ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ രജനി തിലകൻ, സി എച്ച് സി സൂപ്രണ്ട് മിനി പി എം, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.