മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തെ തകർക്കാനാവില്ല: മന്ത്രി എം.ബി. രാജേഷ്
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ തകർക്കാനാവില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം മയക്കുമരുന്ന് റെയ്ഡിനിടെ ആക്രമിക്കപ്പെട്ട് ഗവ.ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഒരു സംഘം ആളുകൾ കൂട്ടമായി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. അക്രമി സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എച്ച്. നാസർ, സിവിൽ എക്‌സൈസ് ഓഫീസർ ജി.ആർ. രണദേവ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച രാത്രി 9.30ഓടെ കഞ്ഞിപ്പാടം പാലത്തിനു താഴെ വടക്കേ കരയിൽ റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെയാണ് പത്തോളം പേർ ചേർന്ന് ആക്രമിച്ചത്.
അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എം. നൗഷാദ്, നാർക്കോട്ടിക്സ് സി.ഐ. എം. മഹേഷ്, പ്രിവന്റീവ് ഓഫീസർ അക്ബർ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സെക്രട്ടറി ശ്രീജിത്ത്, മെഡിക്കൽ കോളേജ് സൂപ്രണ്ട് എ. അബ്ദുൽ സലാം എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.