കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് കേരളത്തില്‍ 18.5 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജലജീവന്‍ പദ്ധതിയില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ 14.39 കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച ജലസംഭരണിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2024 ഡിസംബറോടെ ശേഷിക്കുന്ന കണക്ഷനുകള്‍ കൂടി പൂര്‍ത്തിയാക്കും. ഈ പ്രയത്‌നത്തിന്റെ ആദ്യഘട്ടം വിജയിച്ചു. കേരളത്തിലെ 70.85 ലക്ഷം കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷനാവശ്യമായ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനായി 41,000 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും അതിന്റെ സൂക്ഷ്മ പരിശോധന പുരോഗമിക്കുകയാണ്. കുടിവെള്ളം പോലെ തന്നെ കടലാക്രമണം പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറായി. അതിന്റെ മികച്ച മാതൃകയാണ് ചെല്ലാനം. തകഴിയിലെ പൈപ്പ് പൊട്ടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനായത് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ജലസംഭരണിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ചിക്കാഗോ കണ്‍സ്ട്രക്ഷന്‍സ് ഇന്റര്‍നാഷണല്‍ കമ്പനിയേയും സ്വകാര്യ വ്യക്തിയില്‍ നിന്ന് സ്ഥലം വാങ്ങിയെടുക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ജെ. രാജേന്ദ്രന്‍ എന്നിവരെ മന്ത്രി ആദരവ് നല്‍കി.

22.5 ലക്ഷം രൂപ ചെലവില്‍ പഞ്ചായത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയ 15 സെന്റ് സ്ഥലത്താണ് ടാങ്ക് നിര്‍മിച്ചത്. 2021ല്‍ ആരംഭിച്ച പ്രവര്‍ത്തി 2023 ഏപ്രിലില്‍ പൂര്‍ത്തീകരിച്ചു. 9 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം പഞ്ചായത്തിലെ റെയില്‍വേ ലൈന് കിഴക്കുവശത്തുള്ള വീടുകളില്‍ പൂര്‍ണ്ണ തോതില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത് പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതിക്കായുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി 1.08 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിലായി 8 ജലസംഭരണികളാണ് നിര്‍മ്മിക്കുന്നത്. കിഫ്ബി, അമൃത്, ജല ജീവന്‍ പദ്ധതികള്‍ വഴിയാണ് ഇവയുടെ നിര്‍മാണം. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയ ഓവര്‍ ഹെഡ് ടാങ്കിന് പിന്നാലെ മറ്റ് രണ്ടെണ്ണത്തിന്റെ നിര്‍മ്മാണത്തിനും തുടക്കമായി.

നീര്‍ക്കുന്നം മാധവ മുക്കിന് സമീപം നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ല പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ രതീഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രജിത്ത് കാരിക്കല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ മോള്‍ സനല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രദീപ്തി സജിത്ത്, അനിത ടീച്ചര്‍, വാര്‍ഡ് അംഗം സുനിത പ്രദീപ്, കെ.ഡബ്ല്യു.എ. കൊച്ചി മധ്യ മേഖല ചീഫ് എഞ്ചിനീയര്‍ പി.കെ. സലിം, ബോര്‍ഡ് അംഗം ആര്‍. സുഭാഷ്, എക്‌സി. എഞ്ചിനീയര്‍ കെ.എല്‍. ഗിരീഷ്, ആലപ്പുഴ പി.എച്ച്. സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്. ശാലിനി, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.