പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കണം-മന്ത്രി എം.ബി രാജേഷ്

ബോട്ടില്‍ ബൂത്തിന് പുറമെ പാതയോരങ്ങളില്‍ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവര്‍ക്കെതിരെ പരിശോധന കര്‍ശനമാക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രണ്ടാംഘട്ട പ്രവര്‍ത്തന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുസ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴിയോ സ്പോണ്‍സര്‍ഷിപ്പ് വഴിയോ മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണം. വ്യാപാര സ്ഥാപനങ്ങളിലും ഇവ കര്‍ശനമാക്കണം. വലിയതോതില്‍ മാലിന്യം തള്ളുന്ന കല്യാണമണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കാറ്ററിംഗ് സെന്ററുകളില്‍ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പൂര്‍ണമായ മാലിന്യസംസ്‌കരണ സംവിധാനം ഇവിടങ്ങളില്‍ ഉറപ്പാക്കുന്നത് പരിശോധന വിധേയമാക്കണം. ഓഡിറ്റോറിയങ്ങളുടെ സീറ്റിന്റെ എണ്ണം അടിസ്ഥാനമാക്കി മതിയായ എണ്ണം മാലിന്യക്കൊട്ടകള്‍ സ്ഥാപിക്കണം. കാറ്ററിങ് സ്ഥാപന ഉടമകളുടെ യോഗം ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കണം. ചെറിയ കുടിവെള്ളക്കുപ്പികള്‍, പേപ്പര്‍ ഗ്ലാസുകള്‍, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. നിരന്തര പരിശോധനയും കര്‍ശന നടപടിയും സ്വീകരിക്കണം.

വീടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണത്തിന് കൃത്യമായ ഇടവേളകള്‍ നിശ്ചയിക്കണം. കൂടുതല്‍ മാലിന്യം ശേഖരിക്കുന്നതോടെ എം.സി.എഫുകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടി വരും. എം.സി.എഫുകള്‍ വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. മതിയായ എണ്ണം എം.സി.എഫുകള്‍ ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ താത്ക്കാലിക എം.സി.എഫുകള്‍ സ്ഥാപിക്കുകയൊ എണ്ണം വര്‍ദ്ധിപ്പിക്കുകയൊ വേണം.

മാലിന്യശേഖരണത്തിലും യൂസര്‍ ഫീ ശേഖരണത്തിലും പിന്നില്‍ നില്‍ക്കുന്ന പഞ്ചായത്തുകളില്‍ ഐ.വി.ഒ(ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍)മാര്‍ക്ക് ചുമതല നല്‍കണം. ഇവര്‍ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ക്ക് എല്ലാ ആഴ്ചയും സമര്‍പ്പിക്കണം. വീട്ടുനികുതിയോടൊപ്പം യൂസര്‍ ഫീ പിരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ മാലിന്യശേഖരണം 100 ശതമാനത്തിലെത്തിക്കാന്‍ ശ്രമം വേണം. മാലിന്യശേഖരണത്തിന് കലണ്ടര്‍ തയ്യാറാക്കി കൃത്യമായ ഇടവേളകളില്‍ ഹരിതകര്‍മ്മസേന മാലിന്യം ശേഖരിക്കണം.

സര്‍ക്കാര്‍ ഓഫീസുകളില്‍ തരം തിരിച്ചുള്ള  മാലിന്യസംസ്‌കരണവും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനവും സെപ്റ്റംബര്‍ 20നകം നടപ്പാക്കണം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ നടപടി എടുക്കമെന്ന് മന്ത്രി നിര്‍ദേശിച്ചു. സബ് കലക്ടര്‍, അസി. കലക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി നിരന്തരം പരിശോധന നടത്തണം. അജൈവമാലിന്യം ഹരിതകര്‍മ സേനക്ക് കൈമാറണം. ജില്ലാ ഓഫീസര്‍മാര്‍ അതത് ഓഫീസുകള്‍ വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാ ഓഫീസുകളിലും ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കണം.

മാലിന്യമുക്ത നവകേരളം പ്രവര്‍ത്തന അവലോകനം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എല്ലാ ആഴ്ചയിലും നടത്താനും മന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, അസി. കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി തുടങ്ങിയവര്‍ പങ്കെടുത്തു.