ഭൂപ്രകൃതി കൊണ്ട് വ്യത്യസ്ഥമായ കുട്ടനാടിന്റെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരവും ആവശ്യങ്ങൾ നിറവേറ്റാനും ശ്രമിക്കുന്ന സർക്കാരിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു. ജന്മനാടായ തലവടി ഗ്രാമപഞ്ചായത്തിൽ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എവിടെ പോയാലും ഏത് നാട്ടിൽ താമസിച്ചാലും താൻ തനി കുട്ടനാട്ടുകാരനാണെന്ന് അദ്ദേഹം പറഞ്ഞു. തലവടിയുടെ നന്മയും സ്നേഹവും ഇന്നും ഉള്ളിലുണ്ട്. വർഷങ്ങൾക്ക് മുൻപ് വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഈ നാടുവിട്ടു പോകേണ്ടി വന്നെങ്കിലും എല്ലാ വർഷവും കുറച്ച് കാലം തലവടിയിലെ തെക്കേക്കരയിലും വടക്കേക്കരയിലും ചെലവഴിക്കണമെന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമുണ്ടായിരുന്നു. ഔദ്യോഗിക കാലഘട്ടത്തിൽ പലപ്പോഴും ഇവിടെ എത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇന്നിവിടെ തിരിച്ചെത്തുമ്പോൾ പേരെടുത്ത പറയാവുന്ന ഒട്ടേറെ പേർ സദസ്സിലുണ്ട്.- ചീഫ് സെക്രട്ടറി പറഞ്ഞു.
കുടിവെളള പ്രശ്നം, വീയപുരം റോഡ്, കിടങ്ങറ സബ്സ്റ്റേഷൻ തുടങ്ങി കുട്ടനാടിന്റെ വികസന വിഷയങ്ങൾ സർക്കാൻ അത്യന്തം ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.